രാമക്ഷേത്ര പ്രാണപ്രതിഷ്ഠ: ബാബരി കേസില്‍ വിധിപറഞ്ഞ അഞ്ച് ജഡ്ജിമാര്‍ക്കും ക്ഷണം
അയോധ്യ: ബാബരി കേസില്‍ അന്തിമ വിധി പറഞ്ഞ അഞ്ച് സുപ്രിംകോടതി ജഡ്ജിമാര്‍ക്കും രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം. സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, മുന്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, നിലവിലുള്ള ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, സുപ്രിം കോടതി മുന്‍ ജഡ്ജിമാരായ അശോക് ഭൂഷണ്‍, എസ് അബ്ദുല്‍ നസീര്‍ എന്നിവര്‍ക്കാണ് ജനുവരി 22ന് നടക്കുന്ന ക്ഷേത്രം ഉദ്ഘാടനത്തിലേക്ക് ക്ഷണം ലഭിച്ചത്. 2019 നവംബറിലാണ് സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അയോധ്യയില്‍ ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കാന്‍ ഉത്തരവിട്ട് വിചിത്ര വിധി പുറപ്പെടുവിച്ചത്. അന്ന് ഭരണഘടനാ ബെഞ്ചിലുണ്ടായിരുന്ന അഞ്ച് ജഡ്ജിമാരെയും യുപി സര്‍ക്കാരിന്റെ സംസ്ഥാന അതിഥികളായാണ് പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുള്ളത്. ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടവരില്‍ മുന്‍ ചീഫ് ജസ്റ്റിസുമാര്‍, ജഡ്ജിമാര്‍, ഉന്നത അഭിഭാഷകര്‍ എന്നിവരുള്‍പ്പെടെ 50ലധികം നിയമജ്ഞരും ഉണ്ടെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, മുന്‍ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. മുഖ്യാതിഥിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പങ്കെടുക്കുന്നത്. രാജ്യത്തെ വിവിധ രാഷ്ട്രീയക്കാര്‍, സെലിബ്രിറ്റികള്‍, വ്യവസായികള്‍, സന്യാസിമാര്‍ തുടങ്ങി ഏഴായിരത്തിലധികം പേര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.
നൂറ്റാണ്ടുകളോളം മുസ് ലിംകള്‍ പ്രാര്‍ഥന നടത്തിയ ബാബരി മസ്ജിദ് 1992 ഡിസംബര്‍ ആറിനാണ് സംഘപരിവാരം തകര്‍ത്തത്. അയോധ്യയിലെ ബാബരി മസ്ജിദ് രാമക്ഷേത്രം തകര്‍ത്താണ് നിര്‍മിച്ചതെന്ന കുപ്രചാരണം നടത്തിയാണ് കര്‍സേവകര്‍ തകര്‍ത്തത്. എന്നാല്‍, ഇതുസംബന്ധിച്ച കോടതി വ്യവഹാരങ്ങള്‍ പതിറ്റാണ്ടുകളോളം പിന്നിട്ട ശേഷം 2019 നവംബറിലാണ് സുപ്രിംകോടതി അന്തിമ വിധി പുറപ്പെടുവിച്ചത്. അമ്പലം തകര്‍ത്താണ് പള്ളി നിര്‍മിച്ചതെന്ന് തെളിയിക്കാനായില്ലെന്നും അവിടെയുണ്ടായിരുന്ന പള്ളി തകര്‍ത്തതായും അംഗീകരിച്ച സുപ്രിംകോടതി, പ്രസ്തുത സ്ഥലം രാമക്ഷേത്രം നിര്‍മിക്കാന്‍ വേണ്ടി ട്രസ്റ്റിന് കൈമാറണമെന്ന വിചിത്ര വിധിയാണ് പുറപ്പെടുവിച്ചത്. നിയമവിദഗ്ധരായ പരലും ഈ വിധിയെ ചോദ്യം ചെയ്‌തെങ്കിലും വിധി പറഞ്ഞ അന്നത്തെ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് വിരമിച്ച് മൂന്നുമാസം പിന്നിട്ടപ്പോഴേക്കും രാജ്യസഭാ അംഗമാവുകയും ചെയ്തു. ബിജെപി സര്‍ക്കാരിന്റെ ഉപകാരസ്മരണയാണ് രഞ്ജന്‍ ഗൊഗോയിയുടെ രാജ്യസഭാംഗ പദവിയെന്ന വിമര്‍ശനം ശക്തമായിരുന്നു. ഇതിനിടെയാണ്, ഇന്ത്യയെ വിഭജിച്ച ചരിത്രസംഭവമായി ലോകം തന്നെ വിലയിരുത്തിയ ബാബരി മസ്ജിദില്‍ അന്യായവിധി രേഖപ്പെടുത്തിയ അഞ്ച് ജഡ്ജിമാര്‍ക്കും അതേ സ്ഥലത്ത് നിര്‍മിക്കുന്ന ക്ഷേത്രത്തിന്റെ ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണം ലഭിച്ചതെന്നും ശ്രദ്ധേയമാണ്.
