ലക്ഷക്കണക്കിന് സ്‌റ്റേറ്റ് ബാങ്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ യാതൊരു സുരക്ഷയുമില്ലാതെ ഓണ്‍ലൈനില്‍

ഇന്ത്യയൊട്ടാകെ 42 കോടി ഉപഭോക്താക്കള്‍ ഉള്ള ബാങ്കാണ് എസ്ബിഐ. ടെക്ക്ക്രഞ്ച് എന്ന വെബ്‌സൈറ്റാണ് എസ്ബിഐയുടെ മുംബൈ ഡാറ്റ സെന്ററിലെ സെര്‍വര്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

Update: 2019-01-31 18:46 GMT

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അതിന്റെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ സൂക്ഷിക്കുന്നത് യാതൊരു സുരക്ഷയുമില്ലാതെയെന്ന് റിപോര്‍ട്ട്. ഇന്ത്യയൊട്ടാകെ 42 കോടി ഉപഭോക്താക്കള്‍ ഉള്ള ബാങ്കാണ് എസ്ബിഐ. ടെക്ക്ക്രഞ്ച് എന്ന വെബ്‌സൈറ്റാണ് എസ്ബിഐയുടെ മുംബൈ ഡാറ്റ സെന്ററിലെ സെര്‍വര്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

എസ്ബിഐ ക്വിക്ക് എന്ന സേവനത്തിലെ രണ്ട് മാസത്തോളമുള്ള വിവരങ്ങളാണ് ഈ സര്‍വറില്‍ യാതൊരു സുരക്ഷയുമില്ലാതെ സൂക്ഷിച്ചിരുന്നത്. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ അടിസ്ഥാന വിവരങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കുന്ന ഒരു ഓണ്‍ലൈന്‍ സേവനമാണ് എസ്ബിഐ ക്വിക്ക്. ബാലന്‍സ്, മിനി സ്‌റ്റേറ്റ്‌മെന്റ് തുടങ്ങിയ വിവരങ്ങള്‍ അറിയാനും ചെക്ക് ബുക്കിന് അപേക്ഷ നല്‍കാനും ഇതുവഴി സാധിക്കും.

ഉപഭോക്താക്കള്‍ക്ക് അയച്ചുകൊടുക്കുന്ന ഇത്തരം വിവരങ്ങള്‍ പാസ്‌വേര്‍ഡില്ലാതെയാണ് ഈ സര്‍വറില്‍ സൂക്ഷിച്ചിരുന്നത്. അത്യാവശ്യം സാങ്കേതിക വിദ്യ അറിയാവുന്ന ആര്‍ക്കും ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഇതിലൂടെ ചോര്‍ത്തിയെടുക്കാന്‍ സാധിക്കും. മൊബൈല്‍ നമ്പര്‍, ഭാഗികമായ അക്കൗണ്ട് നമ്പര്‍, അക്കൗണ്ട് ബാലന്‍സ്, അവസാനം നടത്തിയ ഇടപാടുകള്‍ എന്നിവ ഇതിലൂടെ ലഭ്യമാവും.

ഒരു ദിവസം മാത്രം ഈ സെര്‍വറില്‍ നിന്ന് 30 ലക്ഷത്തോളം ടെക്‌സ്റ്റ് മെസേജുകളാണ് ഉപഭോക്താക്കളിലേക്ക് പോവുന്നതെന്ന് ടെക്ക് ക്രഞ്ചിന്റെ റിപോര്‍ട്ടില്‍ പറയുന്നു. രണ്ട് മാസത്തോളമുള്ള വലിയ വിവര ശേഖരം ചോര്‍ത്തുന്നതിലൂടെ വന്‍അപകടം ഉപഭോക്താക്കള്‍ക്ക് വരുത്തിവയ്ക്കാന്‍ സാധിക്കുമെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതേ സമയം, സംഭവത്തെക്കുറിച്ച് എസ്ബിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല.  

Tags:    

Similar News