സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആശുപത്രിയില്‍

Update: 2020-07-20 10:25 GMT

റിയാദ്: സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിനെ വൈദ്യ പരിശോധനയ്ക്കായി റിയാദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിത്താശയ സഞ്ചിയിലെ വീക്കത്തെ തുടര്‍ന്ന് വിദഗ്ധ ചികില്‍സയ്ക്കു വേണ്ടിയാണു തലസ്ഥാനമായ റിയാദിലെ കിങ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് രാജകീയ ആസ്ഥാനം പ്രസ്താവനയില്‍ വ്യക്തമാക്കി. 84 കാരനായ രാജാവിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് വിശദാംശങ്ങള്‍ പ്രസ്താവനയില്‍ നല്‍കിയിട്ടില്ല.

    2015 ജനുവരിയിലാണ് സൗദിയില്‍ സല്‍മാന്‍ രാജാവ് അധികാരമേറ്റത്. 34കാരനായ മകന്‍ മുഹമ്മദ് ബിന്‍ സല്‍മാനെ കിരീടാവകാശിയായി സല്‍മാന്‍ രാജാവ് അധികാരപ്പെടുത്തിയിരുന്നു. കിരീടാവകാശിയുടെ പല തീരുമാനങ്ങളും അധികാരവികേന്ദ്രീകരണവും എതിരാളികളെ മാറ്റിനിര്‍ത്തുന്നതും ഏറെ വിവാദമായിരുന്നു. പിതാവിന്റെ പിന്തുണയോടെ രാജ്യത്ത് പല പദ്ധതികളും നടപ്പാക്കി. എണ്ണ കയറ്റുമതി മാത്രം ആശ്രയിക്കാതെ സൗദി സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ വിനോദസഞ്ചാരികള്‍ക്ക് രാജ്യം തുറന്നുകൊടുത്തതും സ്ത്രീകള്‍ക്കു മേല്‍ പതിറ്റാണ്ടുകളായുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതുമുള്‍പ്പെടെ ഇതില്‍പെടും. അധികാരം കൈപ്പിടിയിലൊതുക്കാന്‍ രാജകുടുംബത്തിലെ ഉന്നതരെയും വിമര്‍ശകരെയും തടഞ്ഞുവച്ചതായും ആരോപണമുയര്‍ന്നിരുന്നു.

    രാജ്യത്ത് കൊറോണ വൈറസ് പടരുന്നതിനെക്കുറിച്ചുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിലൊന്നും ഈയടുത്ത മാസങ്ങളില്‍ സൗദി രാജാവ് പ്രത്യക്ഷപ്പെട്ടിരുന്നില്ല. എന്നാല്‍, മന്ത്രിസഭയുമായി വെര്‍ച്വല്‍ മീറ്റിങുകളില്‍ പങ്കെടുക്കുന്നതും ലോകനേതാക്കളുമായി ഫോണില്‍ ബന്ധപ്പെടുന്നതുമെല്ലാം സര്‍ക്കാര്‍ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. തിരുഗേഹങ്ങളുടെ സേവകന്‍ എന്ന സ്ഥാനപ്പേരുള്ള സല്‍മാന്‍ രാജാവ് അബ്ദുല്ല രാജാവിനു കീഴില്‍ കിരീടാവകാശിയായും പ്രതിരോധ മന്ത്രിയായും സേവനമനുഷ്ഠിച്ചിരുന്നു. അതിനുമുമ്പ് 50 വര്‍ഷത്തിലേറെ റിയാദ് ഗവര്‍ണറായിരുന്നു.

Saudi King Salman bin Abdulaziz hospitalized

Tags:    

Similar News