രണ്ട് ഉംറകൾക്കിടയിൽ 10 ദിവസത്തെ ഇടവേള നിർബന്ധമാക്കി സൗദി ഹജ്ജ് മന്ത്രാലയം

വിഷയത്തിൽ ഒരു വിശ്വാസിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രാലയം ട്വിറ്റർ അക്കൗണ്ടിൽ ഈ വിശദീകരണം നൽകിയത്.

Update: 2022-01-06 15:52 GMT

ജിദ്ദ: തീർത്ഥാടകർക്ക് രണ്ട് ഉംറകൾക്കിടയിൽ 10 ദിവസത്തെ ഇടവേള നിർബന്ധമാക്കി സൗദി ഹജ്ജ് മന്ത്രാലയം. എല്ലാ പ്രായത്തിലുമുള്ള തീർഥാടകർക്ക് ഈ നിയമം ബാധകമാണ്.

ഉംറ പെർമിറ്റ് നേടിയ തീർഥാടകർ ആദ്യ ഉംറ പൂർത്തിയാക്കിയതിന് ശേഷമുള്ള ആവശ്യമായ 10 ദിവസത്തെ കാലയളവിന്റെ അവസാനത്തിൽ ഇതിനായി സജ്ജീകരിച്ച ആപ്പുകൾ ഉപയോഗിച്ച് രണ്ടാമത്തെ ഉംറയ്‌ക്കായി അപ്പോയിന്റ്‌മെന്റ് ഷെഡ്യൂൾ ചെയ്യാം. ഈ വിഷയത്തിൽ ഒരു വിശ്വാസിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രാലയം ട്വിറ്റർ അക്കൗണ്ടിൽ ഈ വിശദീകരണം നൽകിയത്.

രാജ്യത്ത് കൊവിഡ് കേസുകളുടെ വർധനവ് കാരണമാണ് ഈ നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി. മുൻകരുതൽ നടപടികളും രണ്ട് വിശുദ്ധ മസ്ജിദുകളിലും മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും പോലുള്ള പ്രതിരോധ പ്രോട്ടോക്കോളുകളും അടുത്തിടെ വീണ്ടും ഏർപ്പെടുത്തിയിട്ടുണ്ട്.