റിയാദ്: സൗദി അറേബ്യയില്‍ ടൂറിസ്റ്റ് മാര്‍ഗനിര്‍ദ്ദേശ ചട്ടങ്ങള്‍ കര്‍ശനമാക്കി. ഇനി ടൂറിസം മന്ത്രാലയം നിശ്ചയിച്ച നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കടുത്ത നടപടി. 25,000 റിയാല്‍ വരെ പിഴ ചുമത്താനാകുന്ന ഭേദഗതിയാണ് മന്ത്രാലയം അംഗീകരിച്ചത്.
പുതിയ ചട്ടപ്രകാരം, സാധുവായ ലൈസന്‍സില്ലാതെ ടൂര്‍ ഗൈഡ് സേവനം നടത്തുന്നതാണ് ഏറ്റവും വലിയ ലംഘനം. ലൈസന്‍സ് കാലഹരണപ്പെട്ട ശേഷമോ റദ്ദാക്കിയ ശേഷമോ പ്രവര്‍ത്തനം തുടരുന്നതാണ് ഇതില്‍ ഉള്‍പ്പെടുക. മറ്റൊരാളുടെ ലൈസന്‍സ് ഉപയോഗിക്കുക, ടൂറിസ്റ്റുകള്‍ക്ക് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കുക, അല്ലെങ്കില്‍ രാജ്യത്തിന്റെ പ്രശസ്തിയെയും ടൂറിസം താല്‍പ്പര്യങ്ങളെയും ദോഷകരമായി ബാധിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കുക ഇതെല്ലാം ഗുരുതര കുറ്റങ്ങളായി കണക്കാക്കി പിഴ ചുമത്തും.
ചെറിയ ലംഘനങ്ങള്‍ക്ക് 500 മുതല്‍ 2,000 റിയാല്‍ വരെ പിഴ ലഭിക്കും. ലൈസന്‍സ് ഇല്ലാതിരിക്കുക, മന്ത്രാലയത്തെ മുന്‍കൂട്ടി അറിയിക്കാതെ സേവനം നിര്‍ത്തുക, അനുമതിയില്ലാതെ ടൂറുകള്‍ സംഘടിപ്പിക്കുക, ഗൈഡുകളുടെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാതിരിക്കുക, യാത്രയുടെ സ്വഭാവത്തിന് യോജിച്ച വസ്ത്രം ധരിക്കാതിരിക്കുക തുടങ്ങിയവയാണിത്.
സൈനിക, അതിര്‍ത്തി, കസ്റ്റംസ് മേഖലകള്‍ പോലുള്ള നിയന്ത്രിത സ്ഥലങ്ങളില്‍ അനുമതിയില്ലാതെ ടൂര്‍ ഗൈഡിംങ് നടത്തുന്നതിന് 5,000 മുതല്‍ 15,000 റിയാല്‍ വരെ പിഴ ചുമത്തും. അവിടങ്ങളില്‍ ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണം ബാധകമാണ്. ലംഘനം കണ്ടെത്തിയാല്‍ ടൂറിസം ഇന്‍സ്പെക്ടര്‍മാര്‍ക്ക് 10,000 റിയാല്‍ വരെ അടിയന്തര പിഴ ചുമത്താനുള്ള അധികാരം ലഭിക്കും. ലംഘനം ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് പരമാവധി ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാനും, നാലാമതും നിയമം ലംഘിച്ചാല്‍ ലൈസന്‍സ് റദ്ദാക്കാനും മന്ത്രാലയത്തിന് അധികാരമുണ്ട്.
പുതിയ നിയമം അനുസരിച്ച്, കുറഞ്ഞ പിഴയില്‍ തുടങ്ങി ആവര്‍ത്തനത്തിന് അനുസരിച്ച് വര്‍ധിക്കും. എന്നാല്‍ പരമാവധി പിഴ യഥാര്‍ത്ഥ പിഴയുടെ അഞ്ചിരട്ടിയോ പത്തുലക്ഷം റിയാലോ കവിയരുത്.
