കൊവിഡും ഇനി ജലദോഷം പോലെ സീസണലായി അവശേഷിക്കുമെന്ന് പഠനം

കുട്ടിക്കാലത്തെ സ്വാഭാവിക അണുബാധ രോഗപ്രതിരോധ ശേഷി നല്‍കുകയും ഇത് പില്‍ക്കാലത്ത് ആളുകളെ കടുത്ത രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യും.

Update: 2021-01-13 11:54 GMT

ന്യൂയോർക്ക്: കൊവിഡിന് കാരണമാകുന്ന സാര്‍സ് കൊവ് 2 വൈറസ് മനുഷ്യരില്‍ സാധാരണയായി കാണുന്ന ജലദോഷത്തിന് കാരണമാകുന്ന കൊറോണ വൈറസുകളോട് സാമ്യമുള്ളതായി തീരുമെന്ന് പഠനം. സയന്‍സ് ജേണലില്‍ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സാധാരണ ജലദോഷമുണ്ടാക്കുന്ന നാല് തരം കൊറോണ വൈറസുകളിലും കൊവിഡ് 19-ന് കാരണമായ സാര്‍സ് കൊവിലും നടത്തിയ ഗവേഷണത്തിലാണ് ഗവേഷകർ ഇത്തരമൊരു അനുമാനത്തിലെത്തിച്ചേര്‍ന്നത്.

വൈറസുകളുടെ രോഗപ്രതിരോധശേഷി, പകര്‍ച്ചവ്യാധി സാധ്യത എന്നിവയുടെ വിവരങ്ങള്‍ വിശകലനം ചെയ്തതിലൂടെ സാധാരണ ജനങ്ങളില്‍ സാര്‍സ് കൊവ് 2 വൈറസ് വ്യാപിക്കുമ്പോള്‍ അതിന്റെ മുന്നോട്ടുപോക്ക്‌ എങ്ങനെയാകുമെന്ന് പ്രവചിക്കാനുള്ള ഒരു മാതൃക വികസിപ്പിക്കാന്‍ ഗവേഷകര്‍ക്കായി. ജലദോഷത്തിന് കാരണമാകുന്ന നാല് കൊറോണ വൈറസുകള്‍ വളരെക്കാലമായി മനുഷ്യരില്‍ വ്യാപിക്കുന്നുണ്ടെന്നും മിക്കവാറും എല്ലാവരും ചെറുപ്പത്തില്‍ തന്നെ രോഗബാധിതരാണെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

കുട്ടിക്കാലത്തെ സ്വാഭാവിക അണുബാധ രോഗപ്രതിരോധ ശേഷി നല്‍കുകയും ഇത് പില്‍ക്കാലത്ത് ആളുകളെ കടുത്ത രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യും. മൂന്നു മുതല്‍ 5 വയസ്സ് വരെ പ്രായമുള്ള കുട്ടികളെ ബാധിക്കുന്ന ഒരു സാധാരണ കുട്ടിക്കാല രോഗമായി സാര്‍സ് കൊവ് 2-വും മാറുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. പ്രായമായവര്‍ക്ക് അപ്പോഴും രോഗം ബാധിക്കാം. കൊവിഡ് വാക്‌സിന്‍ ആളുകളിലുണ്ടാക്കുന്ന രോഗപ്രതിരോധ ശേഷിയെയും വൈറസ് എത്ര വേഗത്തില്‍ പടരുന്നുവെന്നതിനെയും ആശ്രയിച്ചിരിക്കും ഈ മാറ്റം.

വാക്‌സിനുകള്‍ ഹ്രസ്വകാല സംരക്ഷണം നല്‍കുകയും രോഗത്തിന്റെ തീവ്രത കുറയ്ക്കുകയും ചെയ്യുമ്പോള്‍ മറ്റ് സാധാരണ കൊറോണ വൈറസുകളെപ്പോലെ, സാര്‍സ് കൊവ് 2-വും പ്രാദേശികമായ പകര്‍ച്ചവ്യാധിയായിത്തീരുമെന്നും പഠനം സൂചിപ്പിക്കുന്നു. കൊവിഡ് 19-ന് കാരണമായ സാര്‍സ് കോവ് 2 അണുബാധ മൂലമുള്ള മരണം മറ്റ് സീസണല്‍ രോഗങ്ങളേക്കാള്‍ താഴെയാകുമെന്നും(0.01%) പഠനം പറയുന്നു. 

Similar News