'മുസ്‌ലിം' യുക്തി വാദികള്‍ക്കും രക്ഷയില്ല; ഹിന്ദുത്വത്തെ വിമര്‍ശിച്ച ഡോ. ആരിഫ് ഹുസൈന് താലിബാന്‍ ചാപ്പ

മുവാറ്റുപുഴയില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംഘപരിവാരത്തിന്റെ അക്രമണോല്‍സുക, സ്ത്രീ വിരുദ്ധ, കപട രാജ്യസ്‌നേഹ, പരമത വിദ്വേഷ പ്രത്യയ ശാസ്ത്രത്തെ യുക്തിവാദി നേതാവ് ഡോ. ആരിഫ് ഹുസൈന്‍ തെരുവത്ത് വിമര്‍ശിച്ചതാണ് സംഘപരിവാരത്തെ ചൊടിപ്പിച്ചത്.

Update: 2022-05-25 15:45 GMT

കോഴിക്കോട്: ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച സെമിനാറില്‍ ഹിന്ദുത്വത്തെ വിമര്‍ശന വിധേയമാക്കിയ യുക്തിവാദി നേതാവിന് അതേ വേദിയില്‍വച്ച് താലിബാന്‍ ചാപ്പയടിച്ച് ജനം ടിവി ചീഫ് എഡിറ്റര്‍ ജി കെ സുരേഷ് ബാബു. കേരളത്തിലും താലിബാനിസമോ എന്ന ബാനറില്‍ മുവാറ്റുപുഴയില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംഘപരിവാരത്തിന്റെ അക്രമണോല്‍സുക, സ്ത്രീ വിരുദ്ധ, കപട രാജ്യസ്‌നേഹ, പരമത വിദ്വേഷ പ്രത്യയ ശാസ്ത്രത്തെ യുക്തിവാദി നേതാവ് ഡോ. ആരിഫ് ഹുസൈന്‍ തെരുവത്ത് വിമര്‍ശിച്ചതാണ് സംഘപരിവാരത്തെ ചൊടിപ്പിച്ചത്.

സെമിനാറില്‍ തുടര്‍ന്ന് സംസാരിച്ച ജനം ടിവി ചീഫ് എഡിറ്റര്‍ ജി കെ സുരേഷ് ബാബുവാണ് ഡോ. ആരിഫ് ഹുസൈന്‍ തെരുവത്തിനെ താലിബാന്‍ ചാപ്പയടിച്ചത്. സംഘപരിവാര്‍ നേതാവിന്റെ ചാപ്പയടിയെ ഹര്‍ഷാരവത്തോടെയായിരുന്നു സദസ്സ് സ്വീകരിച്ചത്. 'രാമരാജ്യത്തിലെ താലിബാനിസത്തിന്റെ കാണാപ്പുറങ്ങള്‍' എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ച ആരിഫ് ഹുസൈന്‍ സംഘപരിവാരത്തിന്റെ തല്ലിക്കൊലകളേയും വംശീയാഹ്വാനങ്ങളേയും പശുവിന്റെ പേരിലുള്ള കൊലകളേയും മുസ്‌ലിം വനിതകളെ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്കു വച്ച സുള്ളി ഡീലിനേയും ശബരിമലയിലെ സ്ത്രീ പ്രവേശം തടഞ്ഞ സ്ത്രീ വിരുദ്ധ നടപടികളും വിമര്‍ശിച്ചതോടെയാണ് യുക്തിവാദി നേതാവിന് താലിബാന്‍ ചാപ്പ ലഭിച്ചത്. ഡോ. ആരിഫ് ഹുസൈന്‍ തെരുവത്തിന്റെ സ്വതന്ത്രചിന്ത അത്ര സ്വതന്ത്രമല്ലെന്നും അദ്ദേഹത്തിന്റെ മനസ്സിലെവിടേയോ പഴയ താലിബാനിസത്തിന്റെ അവശിഷ്ടം ഇപ്പോഴും അടിഞ്ഞു കൂടിയിട്ടുണ്ടെന്നും അത് മാറ്റണമെന്നുമായിരുന്നു സുരേഷ് ബാബുവിന്റെ ആവശ്യം.

പരിപാടിയുടെ തല്‍സമയ സ്ട്രീമിങ് നടന്ന ജനം ടിവിയുടെ യൂറ്റിയൂബ് പേജിലും ആരിഫ് ഹുസൈനെതിരേ കടുത്ത അസഭ്യ വര്‍ഷമാണ് നടന്നത്. ഡോ. കെ എസ് രാധാകൃഷ്ണന്‍, ജി കെ സുമേഷ് ബാബു, ആര്‍ വി ബാബു തുടങ്ങിയവരായിരുന്നു മറ്റു പാനലിസ്റ്റുകള്‍.

Tags:    

Similar News