സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്; അന്വേഷണത്തിനായി പ്രത്യേക സംഘം

Update: 2022-11-18 05:10 GMT

തിരുവനന്തപുരം: സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിക്കല്‍ കേസ് ക്രൈംബ്രാഞ്ചില്‍ നിന്നും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. എസ്പി പി പി സദാനന്ദനാണ് അന്വേഷണസംഘത്തിന്റെ ചുമതല. പ്രാഥമിക ഘട്ടത്തില്‍ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തിയാണ് പ്രത്യേക സംഘം രൂപീകരിച്ചത്. കേസന്വേഷണം നടത്തിയിരുന്ന എസ്പി സദാനന്ദന്‍ വ്യാഴാഴ്ച തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂനിറ്റില്‍ നിന്നും കണ്ണൂരിലേക്ക് മാറിയിരുന്നു. ഇതെത്തുടര്‍ന്ന് അന്വേഷണം നിന്നുപോവാതിരിക്കാനാണ് സദാനന്ദനെ തലവനാക്കി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്.

കേസിന്റെ ഗതിമാറ്റിയത് പി പി സദാനന്ദന്‍ അന്വേഷണം തുടങ്ങിയ ശേഷമായിരുന്നു. അതിനാല്‍, തുടരന്വേഷണം മുടങ്ങാതിരിക്കാനാണ് സദാനന്ദന് തന്നെ ചുമതല നല്‍കി പ്രത്യേക സംഘം രൂപീകരിക്കാന്‍ ഡിജിപി ഉത്തരവിറക്കിയത്. ആശ്രമം കത്തിച്ചുവെന്ന് സംശയിക്കുന്ന പ്രകാശിന്റെ ആത്മഹത്യയും സംഘം അന്വേഷിക്കും. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ ദിനരാജ്, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ ആര്‍ ബിജു, സിഐ സുരേഷ്‌കുമാര്‍ എന്നിവരും പ്രത്യേക അന്വേഷണസംഘത്തിലുണ്ട്. സന്ദീപാനന്ദഗിരിയുടെ ആശ്രമത്തില്‍ ആക്രമണം നടത്തിയത് ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.

ആക്രമണം നടത്തിയത് ആര്‍എസ്എസ് നേതാവായ തന്റെ സഹോദരനും കൂട്ടാളികളുമാണെന്ന് കുണ്ടമണ്‍കടവ് സ്വദേശി പ്രശാന്ത് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. പ്രകാശിനെ ജനുവരിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കൂട്ടുപ്രതികള്‍ മര്‍ദ്ദിച്ചതാണ് സഹോദരന്റെ മരണത്തിന് കാരണമെന്നും പ്രശാന്ത് ക്രൈമബ്രാഞ്ചിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ഇതോടെ പ്രശാന്തിന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് സംഘം തിരുവനന്തപുരം അഡീഷനല്‍ ചീഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി. മൊഴിയില്‍ പറയുന്ന കൂട്ടുപ്രതികളുടെ മൊഴികള്‍ ഉടന്‍ രേഖപ്പെടുത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

2018 ഒക്ടോബര്‍ 27ന് പുലര്‍ച്ചെ കുണ്ടമണ്‍കടവിലെ ആശ്രമത്തിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ട് കാറടക്കം മൂന്ന് വാഹനങ്ങള്‍ കത്തിനശിക്കുകയും ആശ്രമത്തിന് കേടുപാടുണ്ടാവുകയും ചെയ്തിരുന്നു. കത്തിച്ചശേഷം ആശ്രമത്തിന് മുന്നില്‍ ആദരാഞ്ജലികള്‍ എന്നെഴുതിയ റീത്തും ആക്രമികള്‍ വച്ചിരുന്നു. ശബരിമല സ്ത്രീപ്രവേശന വിഷയം ആളിക്കത്തുമ്പോഴായിരുന്നു ആക്രമണം. മുഖ്യമന്ത്രി സ്ഥലം സന്ദര്‍ശിച്ച് പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പ്രഖ്യാപിച്ചെങ്കിലും നാലുവര്‍ഷമായി യാതൊരു തെളിവും ലഭിച്ചിരുന്നില്ല. ഇതോടെ ആക്രമണത്തിന് പിന്നില്‍ സിപിഎമ്മും സന്ദീപാനന്ദഗിരിയാണെന്നുമാണ് സംഘപരിവാര്‍ സംഘടനകള്‍ ആരോപിച്ചത്.

Tags:    

Similar News