സന്ദീപ് വധക്കേസ്: എട്ടു പ്രതികളെ കോടതി വെറുതെവിട്ടു

2008 ഏപ്രില്‍ 14നു രാത്രി 7.45ഓടെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്താണ് കേസിനാസ്പദമായ സംഭവം

Update: 2020-06-24 09:17 GMT

കാസര്‍കോട്: നെല്ലിക്കുന്ന് കടപ്പുറം സ്വദേശി സന്ദീപ് വധക്കേസില്‍ എട്ടു പ്രതികളെ കോടതി വെറുതെവിട്ടു. പൊവ്വലിലെ മുഹമ്മദ് റഫീഖ്(35), ഫോര്‍ട്ട് റോഡിലെ ഷഹല്‍ഖാന്‍(35), കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരനും ചെങ്കള നാലാംമൈല്‍ സ്വദേശിയുമായ പി എ അബ്ദുര്‍റഹ്്മാന്‍(48), വിദ്യാനഗറിലെ എ എ അബ്ദുല്‍ സത്താര്‍(42), ചെങ്കള തൈവളപ്പിലെ കെ എം അബ്ദുല്‍ അസ്‌ലം(38), ഉളിയത്തടുക്കയിലെ എം ഹാരിസ്(38), അണങ്കൂരിലെ ഷബീര്‍(36), ഉളിയത്തടുക്കയിലെ മുഹമ്മദ് റാഫി(40) എന്നിവരെയാണ് കാസര്‍കോട് ജില്ലാ അഡീ. സെഷന്‍സ്(രണ്ട്) കോടതി വെറുതെവിട്ടത്. കേസില്‍ വിചാരണ വേളയില്‍ ഹാജരാവാതിരുന്ന എട്ടാംപ്രതി ഉപ്പളയിലെ സിറാജുദ്ദീനെതിരായ വിചാരണയാണ് പിന്നീട് നടക്കും.

    2008 ഏപ്രില്‍ 14നു രാത്രി 7.45ഓടെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്താണ് കേസിനാസ്പദമായ സംഭവം. നെല്ലിക്കുന്ന് കടപ്പുറം സ്വദേശിയായ സന്ദീപ് സുഹൃത്ത് ഹരിപ്രസാദിനൊപ്പം നടന്നുപോവുന്നതിനിടെ റോഡരികിലെ കെട്ടിടത്തിനു സമീപം മൂത്രമൊഴിക്കുന്നതിനിടെ സുരക്ഷാ ജീവനക്കാരനുമായി തര്‍ക്കമുണ്ടാവുകയും കുത്തേല്‍ക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ സന്ദീപ് മംഗളൂരുവിലെ ആശുപത്രിയിലാണ് മരണപ്പെട്ടത്. ഇതേത്തുടര്‍ന്ന് മേഖലയില്‍ വ്യാപക ആക്രമണം നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായുണ്ടായ ആക്രമണത്തിനിടെയാണ് അഡ്വ. സുഹാസ്, സിനാന്‍, മുഹമ്മദ് തുടങ്ങിയവര്‍ കൊല്ലപ്പെട്ടത്.

    സന്ദീപ് വധക്കേസില്‍ ആകെയുള്ള 25 സാക്ഷികളില്‍ 18 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. കാസര്‍കോട് സി ഐയായിരുന്ന എംപ്രദീപ് കുമാര്‍, വി യു കുര്യാക്കോസ്, കെ കെ മാര്‍ക്കോസ് എന്നിവര്‍ അന്വേഷിച്ച കേസില്‍ കാസര്‍കോട് എസ്‌ഐയായിരുന്ന മധുസൂദനന്‍ നായരാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. അശോകനും പ്രതികള്‍ക്കു വേണ്ടി അഭിഭാഷകരായ അഡ്വ. പി സി നൗഷാദ്, പി ഇ മുഹമ്മദ് റഫീഖ് എന്നിവരും ഹാജരായി.

Sandeep murder case: Court acquits eight accused



Tags:    

Similar News