'ഉദയനിധി സ്റ്റാലിന്റെ തലയെടുക്കുന്നവര്‍ക്ക് 10 കോടി'; വിവാദപ്രസ്താവനയുമായി അയോധ്യയിലെ സന്യാസി

Update: 2023-09-04 14:42 GMT

ചെന്നൈ: സനാതന്‍ ധര്‍മ പരാമര്‍ശത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ മകനും മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിനെതിരേ വിവാദപ്രസ്താവനയുമായി അയോധ്യയിലെ സന്യാസി. ഉദയനിധി സ്റ്റാലിന്റെ തല വെട്ടുന്നവര്‍ക്ക് 10 കോടി പരിതോഷികം നല്‍കുമെന്ന് സന്യാസി ജഗദ്ഗുരു പരമഹംസ ആചാര്യ പ്രഖ്യാപിച്ചു. പ്രതീകാത്മകമായി മന്ത്രിയുടെ ചിത്രം വെട്ടി വാളില്‍ കുത്തി തീയിടുന്ന വീഡിയോയും പുറത്തുവിട്ടു. ശനിയാഴ്ച ചെന്നൈയില്‍ നടന്ന സമ്മേളനത്തിലാണ് ഉദയനിധി മാരന്‍ സനാതന്‍ ധര്‍മയ്‌ക്കെതിരേ പരാമര്‍ശം നടത്തിയത്. ചില കാര്യങ്ങള്‍ എതിര്‍ക്കാനാവില്ലെന്നും അതിനെ ഉന്മൂലനം ചെയ്യണമെന്നുമായിരുന്നു പ്രസംഗം. ഡെങ്കിപ്പനി, മലേറിയ, കൊവിഡ് എന്നിവയെ എതിര്‍ക്കാനാവില്ല. ഉന്‍മൂലനം ചെയ്യുകയാണ് വേണ്ടത്. അങ്ങനെ തന്നെയാണ് സനാതന്‍ ധര്‍മവും. അതിനെ എതിര്‍ക്കുന്നതിനുപരിയായി ഉന്‍മൂലനം ചെയ്യുകയാണ് വേണ്ടത് എന്നായിരുന്നു ഉദയനിധിയുടെ പരാമര്‍ശം. ജാതിവെറി കാരണം ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ മാതാവ് ഉള്‍പ്പെടെയുള്ളവര്‍ വേദിയിലിരിക്കെയാണ് ഉദയനിധിയുടെ പരാമര്‍ശം. എന്നാല്‍, പരാമര്‍ശത്തിനെതിരേ ബിജെപി രംഗത്തെത്തുകയും സാമുദായിക സംഘര്‍ഷവും മതസ്പര്‍ധയും വളര്‍ത്തുന്നതാണെന്നു പറഞ്ഞ് വിവാദമാക്കുകയുമായിരുന്നു. ഉദയിനിധിക്കെതിരേ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. മന്ത്രി ഉദയനിധിസ്റ്റാലിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി ബിജെപി ഗവര്‍ണറെ സമീപിക്കുകയും ചെയ്തു. എന്നാല്‍, താന്‍ പറഞ്ഞ കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ഉദയനിധി സ്റ്റാലിന്‍ ആവര്‍ത്തിച്ചത്.

Tags: