സംഭല്‍ മസ്ജിദില്‍ നമസ്‌കാരം വിലക്കണമെന്ന് ഹരജി; ജൂലൈ 21ന് വാദം കേള്‍ക്കും

Update: 2025-07-04 03:52 GMT
സംഭല്‍ മസ്ജിദില്‍ നമസ്‌കാരം വിലക്കണമെന്ന് ഹരജി; ജൂലൈ 21ന് വാദം കേള്‍ക്കും

സംഭല്‍: ഉത്തര്‍പ്രദേശിലെ സംഭല്‍ ശാഹീ ജമാ മസ്ജിദില്‍ നമസ്‌കാരം വിലക്കണമെന്ന ഹരജിയില്‍ ജൂലൈ 21ന് ചന്ദോസി കോടതി വാദം കേള്‍ക്കും. ജമാ മസ്ജിദ് ഹരിഹര ക്ഷേത്രമാണെന്നും അതിനാല്‍ നമസ്‌കാരം അനുവദിക്കരുതെന്നുമാണ് സിമ്രാന്‍ ഗുപ്ത എന്നയാളുടെ ഹരജി പറയുന്നത്. ഹരജിയില്‍ ജൂലൈ 21ന് വിശദമായി വാദം കേള്‍ക്കാമെന്ന് സിവില്‍ ജഡ്ജ് (സീനിയര്‍ ഡിവിഷന്‍) ആദിത്യ സിങ് പറഞ്ഞു.

മസ്ജിദ് ഹിന്ദു ക്ഷേത്രമാണെന്ന് ആരോപിച്ച് 2024 നവംബര്‍ 19ന് ഹിന്ദുത്വരായ ഹരി ശങ്കര്‍ ജെയ്‌നും വിഷ്ണു ശങ്കര്‍ ജെയ്‌നും മറ്റു ഏഴു പേരും കോടതിയില്‍ ഹരജി നല്‍കിയിരുന്നു. അതില്‍ അന്നു തന്നെ കോടതി സര്‍വേക്ക് ഉത്തരവിട്ടു. നവംബര്‍ 19ന് തന്നെ ഒരു സര്‍വേയും നടത്തി. നവംബര്‍ 24ന് രണ്ടാം സര്‍വേ നടത്തി. ഈ സര്‍വേയെ തുടര്‍ന്നുള്ള സംഘര്‍ഷത്തില്‍ അഞ്ച് മുസ്‌ലിം യുവാക്കളെ പോലിസ് വെടിവച്ചു കൊല്ലുകയുമുണ്ടായി.

പിന്നീട് സര്‍വേയെ ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. മസ്ജിദ് കമ്മിയുടെ വാദങ്ങള്‍ തള്ളിയ ഹൈക്കോടതി കേസുമായി മുന്നോട്ടുപോവാന്‍ മേയ് 19ന് സിവില്‍കോടതിക്ക് നിര്‍ദേശം നല്‍കി. സംഭല്‍ മസ്ജിദ് തര്‍ക്കസ്ഥലമാണെന്നും വിധിയില്‍ ഹൈക്കോടതി രേഖപ്പെടുത്തി.

ഈ തര്‍ക്കസ്ഥലം പരാമര്‍ശത്തില്‍ പിടിച്ചാണ് സിമ്രാന്‍ ഗുപ്ത ഹരജി നല്‍കിയിരിക്കുന്നത്. തര്‍ക്കസ്ഥലത്ത് പ്രാര്‍ത്ഥിക്കാന്‍ മുസ്‌ലിംകളെ അനുവദിക്കരുതെന്നാണ് ആവശ്യം. പള്ളി പൂട്ടി സംഭല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ അധികാരത്തിലേക്ക് മാറ്റണമെന്നും ആവശ്യമുണ്ട്.

TO READ MORE

''സംഭലില്‍ പോലിസ് അമിതാധികാരം പ്രയോഗിച്ചു; നിയമങ്ങള്‍ മുസ്‌ലിംകള്‍ക്കെതിരേ ഉപയോഗിച്ചു'' വസ്തുതാന്വേഷണ റിപോര്‍ട്ട്

Similar News