വഖഫ് പ്രതിഷേധം പള്ളികളില്‍ വേണ്ട; സര്‍ക്കാറുമായി ചര്‍ച്ച നടത്തുമെന്നും സമസ്ത

മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് സന്നദ്ധത കാണിച്ചിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ ആ രീതിയിലുള്ള പ്രതിഷേധം വേണ്ടെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

Update: 2021-12-02 06:59 GMT

കോഴിക്കോട്: വഖഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ടതില്‍ പ്രതിഷേധം പള്ളികളില്‍ വേണ്ടെന്ന് സമസ്ത. മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് സന്നദ്ധത കാണിച്ചിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ ആ രീതിയിലുള്ള പ്രതിഷേധം വേണ്ടെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിട്ട തീരുമാനം പിന്‍വലിക്കണം. നിലവിലെ രീതി പിന്തുടരുന്നതാണ് നല്ലത്. പ്രതിഷേധങ്ങള്‍ ഉചിതമായ രീതിയില്‍ അവതരിപ്പിക്കുമെന്നും ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു. വഖഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ടതില്‍ പ്രതിഷേധമുണ്ട്. അത് വേണ്ടപ്പെട്ടവരെ അറിയിക്കും. പരിഹാരമുണ്ടായില്ലെങ്കില്‍ മറ്റു പ്രതിഷേധങ്ങളിലേക്ക് കടക്കും.

മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടാഴ്ച മുമ്പ് ബന്ധപ്പെട്ടിരുന്നു. വഖഫ് നിയമം പിഎസ് സിക്ക് വിട്ടതില്‍ സമസ്‌ക്കുള്ള എതിര്‍പ്പ് സംബന്ധിച്ച് നമുക്ക് കൂടിയാലോചിക്കാമെന്ന് അറിയിച്ചിരുന്നു. ഇന്നും അദ്ദേഹം വിളിച്ച് സംസാരിച്ചു.

മുഖ്യമന്ത്രിയുടെ പ്രതിനിധിയായിട്ട് എളമരം കരീം എംപിയും സമസ്ത നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. ഇതുസംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധം വേണമെന്ന് സമസ്ത ഇതുവരെ തീരുമാനിച്ചിട്ടില്ല. പ്രതിഷേധം ഏത് രീതിയിലായിരിക്കണമെന്ന് തീരുമാനിക്കേണ്ടത് സമസ്തയാണ്. മാന്യമായി മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ച സാഹചര്യത്തില്‍ നമ്മളും ആ രീതിയില്‍ നീങ്ങേണ്ടതുണ്ട്. പരിഹാരമാര്‍ഗങ്ങളുണ്ടോ എന്നതാണ് ആദ്യം ചിന്തിക്കേണ്ടത്. അതില്ലെങ്കില്‍ പ്രതിഷേധത്തിന് മുന്നില്‍ സമസ്ത ഉണ്ടാകുമെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.

വഖഫ് നിയമനത്തില്‍ പള്ളിയില്‍ നിന്ന് പ്രതിഷേധിക്കാന്‍ സാധിക്കില്ല. പള്ളിയില്‍ പ്രതിഷേധം ആകരുത്. അത് അപകടം ചെയ്യും. പള്ളി ആദരിക്കപ്പെടേണ്ടത് ആണ്. പള്ളിയുടെ പവിത്രതയ്ക്ക് യോജിക്കാത്ത കാര്യങ്ങള്‍ പാടില്ല. പ്രകോപനപരമായ കാര്യങ്ങള്‍ അവിടെ നിന്ന് ഉണ്ടാകരുത്. കൂട്ടായി എടുത്ത തീരുമാനം ആകാം എങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ പരസ്പരം ഉള്ള പ്രസ്താവനകളുടെ അടിസ്ഥാനത്തില്‍ കുഴപ്പം ഉണ്ടാകാന്‍ സാധ്യതയുണ്ട്. പലരും കുഴപ്പമുണ്ടാക്കാന്‍ സാധ്യതയുണ്ട്. അതിന്റെ ഉത്തരവാദിത്തം സമസ്തക്കാവും. പള്ളികളില്‍ ഒരു പ്രതിഷേധവുമുണ്ടാകില്ല. പള്ളി അല്ലാത്ത ഇടങ്ങളില്‍ ഉത്‌ബോധനം നടത്തുമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാനെതിരെ ജിഫ്രി തങ്ങള്‍ രൂക്ഷവിമര്‍ശനം നടത്തി. വി അബ്ദുറഹ്മാന് ധാര്‍ഷ്ട്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിഷേധിക്കേണ്ട സമയം വരുമ്പോള്‍ പ്രതിഷേധിക്കേണ്ടി വരും. അത് ഏത് സര്‍ക്കാരാണെങ്കിലും യുഡിഎഫാണെങ്കിലും എല്‍ഡിഎഫാണെങ്കിലും. എല്ലാം പള്ളിയില്‍ നിന്ന് പ്രതിഷേധിക്കാന്‍ പറ്റില്ല. വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട നിയമനം പിഎസ്‌സിക്ക് വിടുന്നതിലൂടെ ചില നഷ്ടങ്ങളുണ്ട്. ഇതില്‍ ഒരു പ്രതിഷേധം ആവശ്യമുണ്ട്. പ്രതിഷേധിച്ചുകൊണ്ട് ഒരു പ്രമേയം സമസ്ത പാസാക്കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ പ്രതിഷേധം പള്ളിയില്‍ വേണ്ട. പ്രശ്‌നങ്ങളുണ്ടെങ്കില്‍ കൂടിയിരുന്ന സംസാരിക്കാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതൊരു മാന്യതയാണ്. എന്നാല്‍ വഖഫ് മന്ത്രി പറഞ്ഞത് എന്തുവന്നാലും നിയമം പാസാക്കുമെന്നാണ്. അതൊരു ധാര്‍ഷ്ട്യമാണ്. അത് അംഗീകരിക്കാനാവില്ല. പള്ളികളില്‍ നിന്ന് കാര്യങ്ങള്‍ പറയുമ്പോഴും അത് പ്രകോപനപരമാകരുത്.' ജിഫ്രി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News