ജുമുഅ, പെരുന്നാള്‍ നിസ്‌കാരങ്ങള്‍ക്ക് അനുമതി നല്‍കണം: താക്കീതായി സമസ്ത പ്രതിഷേധ സംഗമങ്ങള്‍

Update: 2021-07-15 10:01 GMT

ചേളാരി: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ജുമുഅ, ബലിപെരുന്നാള്‍ നിസ്‌കാരങ്ങള്‍ നടത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സമസ്ത ഏകോപന സമിതി സംഘടിപ്പിച്ച പ്രതിഷേധ സംഗമങ്ങള്‍ സര്‍ക്കാരിന് താക്കീതായി. രാവിലെ 11നു സെക്രട്ടേറിയറ്റിനു മുന്നിലും എല്ലാ ജില്ലകളിലെ കലക്ടറേറ്റിനു മുന്നിലും എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓഫിസുകള്‍ക്കു മുന്നിലുമാണ് കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ശക്തമായ പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിച്ചത്.

കഴിഞ്ഞദിവസം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ചേളാരിയില്‍ ചേര്‍ന്ന സമസ്ത ഏകോപന സമിതി യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

വിശ്വാസികളെ സംബന്ധിച്ച് വെള്ളിയാഴ്ച ജുമുഅ നിസ്‌കാരം നിര്‍ബന്ധിത ബാധ്യതയാണ്. ജുമുഅ നിസ്‌കാരം സാധുവാകണമെങ്കില്‍ ചുരുങ്ങിയത് 40 ആളുകളെങ്കിലും പങ്കെടുക്കണം. ഇത്രയും പേരെ പങ്കെടുപ്പിച്ച് ജുമുഅ നടത്താനുള്ള അനുവാദം സര്‍ക്കാര്‍ നല്‍കണമെന്ന് സര്‍ക്കാരിനോട് നേരത്തെ തന്നെ സമസ്ത ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ അനുകൂലമായ സമീപനം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാരിനു മുന്നില്‍ വിഷയം ഉയര്‍ത്തിക്കൊണ്ടുവരാന്‍ വേണ്ടിയാണ് പ്രതിഷേധ സംഗമങ്ങള്‍ നടത്താന്‍ സമസ്ത മുന്നോട്ടുവന്നത്.

സംസ്ഥാനത്ത് എല്ലാ മേഖലകളിലും ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. ബസുകളിലും കടകള്‍ക്കു മുന്നിലും നിരവധി പേരാണ് ഒരേസമയം കൂടിനില്‍ക്കുന്നത്. ഈ മേഖലകളിലെ നിയന്ത്രണങ്ങളില്‍ ഇളവു നല്‍കിയിട്ടുണ്ട്. എന്നാല്‍, വെള്ളിയാഴ്ച അരമണിക്കൂര്‍ നേരം പള്ളിയില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് സമ്മേളിക്കുന്നത് സര്‍ക്കാര്‍ അനുമതിയില്ല. സര്‍ക്കാരിന്റെ ഇരട്ടത്താപ്പിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

Tags: