സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം ഒ കുട്ടി മുസ് ല്യാര്‍ അന്തരിച്ചു

എസ്‌വൈഎസ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിന്റെ പിതാവാണ്.

Update: 2021-04-23 02:13 GMT

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം ഒ കുട്ടി മുസ് ല്യാര്‍ അന്തരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പുലര്‍ച്ചെ അഞ്ചരയോടെയാണ് മരണം. എസ്‌വൈഎസ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിന്റെ പിതാവാണ്. നിരവധി സ്ഥലങ്ങളില്‍ മുദരിസ് ആയി സേവനം അനുഷ്ഠിച്ചിരുന്നു. ഖബറടക്കം അമ്പലക്കടവ് മഹല്ല് ഖബര്‍സ്ഥാനില്‍ വെച്ചു നടക്കും.

ഒടങ്ങാടന്‍ മമ്മദ് മൊല്ലയുടെ മകനായി 1928 ല്‍ മലപ്പുറം ജില്ലയിലെ കാളികാവിനടുത്ത അമ്പലക്കടവിലാണ് അദ്ദേഹം ജനിച്ചത്. എടപ്പറ്റ മോയിന്‍ മുസ്‌ല്യാരുടെ കീഴില്‍ ഓത്തുപള്ളിയിലൂടെയാണ് പ്രാഥമിക പഠനം ആരംഭിച്ചത്. അതിന് ശേഷം പള്ളിശ്ശേരി,തുവ്വൂര്,കാളികാവ് ,കരുവാരക്കുണ്ട് എന്നിവിടങ്ങളിലായി പതിമൂന്ന് വര്‍ഷം ദര്‍സ് പഠനം. അതിന് ശേഷം വാഴയൂരില്‍ ദര്‍സ് അധ്യാപനം ആരംഭിച്ചു.ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ 1961 ല്‍ പകരം ഒരു മുദരിസിനെ നിര്‍ത്തി ഒ കുട്ടി മുസ്‌ല്യാര്‍ ദയൂബന്ധ് ദാറുല്‍ ഉലൂമിലേക്ക് ഉപരിപഠനത്തിനായി തിരിച്ചു.1962 ല്‍ ഖാസിമി ബിരുദം കരസ്ഥമാക്കി നാട്ടില്‍ തിരിച്ചെത്തി.

വാഴയൂര്‍ ദര്‍സ് വിട്ട ശേഷം കോട്ടയം,ഈരാറ്റുപേട്ട,നിലമ്പൂര്‍,കണ്ണാടിപ്പറമ്പ്,എടയാറ്റൂര്‍,തുവ്വൂര് എന്നിവിടങ്ങളിലും ഒന്നു രണ്ട് കോളേജുകളില്‍ പ്രിന്‍സിപ്പാളുമായി നീണ്ട അര നൂറ്റാണ്ടിലേറയുള്ള അധ്യാപന ജീവിതം നയിച്ച അദ്ദേഹം ശാരീരിക അസ്വസ്ഥതകള്‍ കാരണം വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. ഖുര്‍ആന്‍ മുഴുവന്‍ മനഃപാഠമാക്കിയ ഹാഫിള് കൂടിയായ ഒ കുട്ടി മുസ്‌ല്യാര്‍ 1961ല്‍ ഫറൂഖ് റൌളത്തൂല്‍ ഉലൂമില്‍ ചേര്‍ന്ന് അഫ്ദലുല്‍ ഉലമ പാസ്സായിട്ടുണ്ട്.

Tags: