മാധ്യമ പ്രവര്‍ത്തകനെ മര്‍ദ്ദിച്ചെന്ന പരാതി; സല്‍മാന്‍ ഖാന്‍ ഹാജരാകണമെന്ന് കോടതി

Update: 2022-03-23 03:44 GMT

മുംബൈ: നടന്‍ സല്‍മാന്‍ ഖാനെതിരെ പുതിയ കേസ്. തന്നോട് മോശമായി പെരുമാറിയെന്നാരോപിച്ച് മാധ്യമപ്രവര്‍ത്തകന്‍ അശോക് പാണ്ഡെ നല്‍കിയ കേസില്‍ ഏപ്രില്‍ 5 ന് ഹാജരാകാന്‍ അന്ധേരി മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.

ഐപിസി 504, 506 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ക്ക് അന്ധേരി മജിസ്‌ട്രേറ്റ് കോടതി താരത്തിന് സമന്‍സ് അയച്ചിട്ടുണ്ട്.

2019 ഏപ്രില്‍ 24 ന് പുലര്‍ച്ചെ രണ്ട് അംഗരക്ഷകരുടെ അകമ്പടിയോടെ സല്‍മാന്‍ ഖാന്‍ സൈക്കിളില്‍ പോകുമ്പോഴാണ് കൈയ്യേറ്റം നടന്നത് എന്നാണ് അശോക് പാണ്ഡെ പരാതിയില്‍ പറയുന്നത്.

താന്‍ തന്റെ കാറില്‍ സഞ്ചരിക്കുകയായിരുന്നു. സൈക്കിള്‍ പ്രേമിയെന്ന് അറിയപ്പെടുന്ന നടന്‍ സല്‍മാന്‍ റോഡിലൂടെ സൈക്കിള്‍ ഓടിക്കുന്നത് കണ്ട്, അംഗരക്ഷകരുടെ സമ്മതം തേടി വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ആരംഭിച്ചു.

എന്നാല്‍, ഇതില്‍ പ്രകോപിതനായ സല്‍മാന്‍, തന്നെ കാറില്‍ നിന്നും പുറത്തിറക്കി മര്‍ദ്ദിക്കുകയായിരുന്നെന്ന് പാണ്ഡെ ഹര്‍ജിയില്‍ പറയുന്നു.

ഖാനും തന്നെ ആക്രമിക്കുകയും മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തുവെന്ന് പാണ്ഡെ ആരോപിച്ചു. ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഖാന്‍ തന്നെ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. കുറ്റം ഒന്നും നടന്നിട്ടില്ലെന്ന് പറഞ്ഞ് പോലിസ് തന്റെ പരാതി തീര്‍പ്പാക്കാന്‍ ശ്രമിച്ചതിനാലാണ് കോടതിയെ സമീപിച്ചതെന്ന് മാധ്യമപ്രവര്‍ത്തകന്‍ പറയുന്നു.

Tags: