എന്‍ആര്‍സി, കശ്മീര്‍: കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് സലഫി സംഘടനയും

നേരത്തേ, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് അര്‍ഷദ് മദനി വിഭാഗം ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതുമായി കൂടിക്കാഴ്ച നടത്തുകയും പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.

Update: 2019-09-23 12:05 GMT
ന്യൂഡല്‍ഹി: ദേശീയ പൗരത്വപ്പട്ടിക നടപ്പാക്കുന്നതിലും കശ്മീരിനു പ്രത്യേകാധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370ാം വകുപ്പ് റദ്ദാക്കിയതിലും കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് മഹ് മൂദ് മദനി വിഭാഗവും സലഫി സംഘടനയായ ജംഇയ്യത്ത് അഹ് ലേ ഹദീസും രംഗത്ത്. ഇരുസംഘടനകളുടെയും പ്രതിനിധി സംഘങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ച് കൂടിക്കാഴ്ച നടത്തി. ഡല്‍ഹി കൃഷ്ണമേനോന്‍ മാര്‍ഗിലെ ഔദ്യോഗിക വസതിയില്‍ നടത്തിയ ചര്‍ച്ചയില്‍ എന്‍ആര്‍സി ഏതെങ്കിലും മതവിഭാഗത്തിന് എതിരാവില്ലെന്ന് മന്ത്രി അമിത് ഷാ ഉറപ്പുനല്‍കിയതായി സംഘം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. രാജ്യവും സമുദായവും നേരിടുന്ന വിവിധ സംഭവവികാസങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്‌തെന്നു നേതാക്കള്‍ അറിയിച്ചു.

    ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദ്(മഹ് മൂദ് മദനി വിഭാഗം) പ്രസിഡന്റ് മൗലാന ഖാരി സയ്യിദ് മുഹമ്മദ് ഉസ്മാന്‍ മന്‍സൂര്‍പുരി, ജനറല്‍ സെക്രട്ടറി മൗലാന മഹ്മൂദ് മദനി, ജംഇയ്യത്ത് അഹ്‌ലെ ഹദീസ് ഹിന്ദ് അമീര്‍ മൗലാനാ അസ്ഗറലി ഇമാം മഹ്ദി സലഫി, മുഫ്തി മുഹമ്മദ് സല്‍മാന്‍ മന്‍സൂര്‍പുരി, മൗലാനാ നിയാസ് അഹ്മദ് ഫാറൂഖി, മൗലാന മതീനുല്‍ ഹഖ് ഉസാമ കാണ്‍പുര്‍, മൗലാന ഹാഫിസ് പീര്‍ ശബീര്‍ അഹ്മദ് ഹൈദര്‍, ഷക്കീല്‍ അഹ്മദ് സയ്യിദ്, മൗലാന ഹാഫിസ് നദീം, മൗലാന മഅ്‌സുദ്ദീന്‍ അഹ്മദ്, മൗലാന യഹ്‌യ കരീമി മേവാത്ത് എന്നിവരാണ് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത്. കേന്ദ്രസര്‍ക്കാരുമായി പല വിഷയങ്ങളിലും ഭിന്നാഭിപ്രായം ഉണ്ടെങ്കിലും രാജ്യതാല്‍പര്യത്തിന്റെ വിഷയത്തില്‍ സര്‍ക്കാരിനൊപ്പമാണെന്ന് മഹ് മൂദ് മദനി പറഞ്ഞു. നേരത്തേ, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് (അര്‍ഷദ് മദനി വിഭാഗം) നേതാവ് അര്‍ഷദ് മദനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതുമായി കൂടിക്കാഴ്ച നടത്തിയത് വിവാദ മായിരുന്നു.

    മുസ്‌ലിം സംഘടനാ നേതാക്കള്‍ സന്ദര്‍ശിച്ചതില്‍ സംതൃപ്തിയുണ്ടെന്നും എല്ലാ മുസ്‌ലിം സംഘടനകളുമായും തുറന്ന മനസ്സോടെ ചര്‍ച്ചയ്ക്കു തയ്യാറാണെന്നും ചര്‍ച്ചകളിലൂടെയും സംഭാഷണങ്ങളിലൂടെയുമാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതെന്നും അമിത് ഷാ പറഞ്ഞതായി പ്രതിനിധി സംഘം പുറപ്പെടുവിച്ച വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കി. കശ്മീരി യുവാക്കള്‍ക്കിടയില്‍ പാകിസ്താന്‍ ഭീകരവാദം വളര്‍ത്തുന്നത് തടയാനാണ് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചതെന്നും കശ്മീരിലെ 196 പോലിസ് സ്‌റ്റേഷനുകളില്‍ ഏഴെണ്ണത്തില്‍ മാത്രമാണ് ഇപ്പോള്‍ നിരോധനാജ്ഞ നിലവിലുള്ളതെന്നും അമിത് ഷാ പറഞ്ഞു. അഭ്യൂഹങ്ങളും വ്യാജപ്രചാരണങ്ങളും തടയാനാണ് ഇന്റര്‍നെറ്റ് വിലക്കിയത്. ആറു മണിക്കൂറിനുള്ളില്‍ തന്നെ ലാന്റ് ഫോണുകള്‍ സജ്ജീകരിച്ചു നല്‍കിയിരുന്നു. ചില മേഖലകളില്‍ കണക്ഷന്‍ പ്രശ്‌നങ്ങളുണ്ട്. സ്‌കൂളുകള്‍ തുറന്നതായും പൂര്‍വസ്ഥിതിയിലേക്ക് എത്തിക്കാന്‍ പരിശ്രമിക്കുന്നുണ്ടെന്നും അമിത്ഷാ പറഞ്ഞതായി നേതാക്കള്‍ അറിയിച്ചു.

    ലോകത്തെ എല്ലാ രാഷ്ട്രങ്ങളും പൗരത്വപ്പട്ടിക തയ്യാറാക്കുന്നുണ്ടെന്നും ന്യൂനപക്ഷങ്ങളെ അപമാനിക്കുക ലക്ഷ്യമല്ലെന്നും വ്യക്തമാക്കിയ അമിത് ഷാ മതത്തിന്റെ പേരിലുള്ള വിവേചനം ഉണ്ടാവില്ലെന്ന് സംഘത്തിന് ഉറപ്പുനലകി. യുഎപിഎ ദുരുപയോഗം ചെയ്യാതിരിക്കാനുള്ള വ്യവസ്ഥകള്‍ നിയമഭേദഗതിയില്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. രാജ്യവ്യാപകമായി ജംഇയ്യത്ത് സദ്ഭാവനാ മഞ്ച് രൂപീകരിക്കാനുള്ള ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ നീക്കത്തെയും അമിത് ഷാ പ്രകീര്‍ത്തിച്ചതായി കാരവന്‍ ഡെയ്‌ലി റിപോര്‍ട്ട് ചെയ്തു.




Tags:    

Similar News