ശാഖയിലെ പീഡനം: ആര്‍എസ്എസ് ശാരീരിക് ശിക്ഷക് അറസ്റ്റില്‍

Update: 2021-11-02 09:01 GMT

പരപ്പനങ്ങാടി: ചെട്ടിപ്പടി കുപ്പിവളവില്‍ ആര്‍എസ്എസ് ശാഖയില്‍ നിരന്തരം 13കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആഴ്ചകള്‍ക്കുശേഷം പ്രതിയെ പോലിസ് അറസ്റ്റുചെയ്തു. ശാഖാപരിശീലകനായ ആര്‍എസ്എസ് ശാരീരിക് ശിക്ഷക് വാകയില്‍ ശിനോജിനെയാണ് പോലിസ് പിടികൂടിയത്. കഴിഞ്ഞ 19നാണ് പീഡനത്തിനിരയായ കുട്ടിയും ബന്ധുക്കളും പോലിസില്‍ പരാതി നല്‍കിയത്. പീഡനത്തിനിരയായ പ്രദേശത്തെ കുട്ടിയോട് ശാഖയില്‍ വരാത്തതിനെച്ചൊല്ലിയുളള മറുപടി തൃപ്തികരമല്ലാത്തതിനാല്‍ പരിശീലകന്‍ കുട്ടിയെ അടിച്ചതിനെത്തുടര്‍ന്നാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. കുട്ടി കരഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ശാഖയില്‍ വരാത്തത് ചോദിച്ചതാണെന്ന് പറഞ്ഞ് ഇയാള്‍ മാതാവിന്റെ അരികിലെത്തി.

ശാഖയില്‍ അയക്കാമെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് ഇയാള്‍ തിരിച്ചുപോയപ്പോഴാണ് കുട്ടി ആര്‍എസ്എസ് ശാഖയില്‍ തന്നെ നിരന്തരം പീഡിപ്പിക്കുന്ന വിവരം മാതാവിനോടും ബന്ധുവായ സ്ത്രീയോടും പറയുന്നത്. ആശാരിയായ ശിനോജിന്റെ കടയില്‍ വച്ചും ഇത്തരത്തില്‍ പീഡിപ്പിച്ചിട്ടുണ്ടന്ന് പറയുന്നു. സംഭവം പുറത്തായതോടെ ബന്ധുക്കള്‍ പരപ്പനങ്ങാടി സിഐക്ക് അന്നുതന്നെ പരാതി നല്‍കിയിരുന്നുവത്രെ. ഇതെത്തുടര്‍ന്ന് വനിതാ പോലിസ് കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുക്കുകയും പിന്നീട് പരപ്പനങ്ങാടി മജിസ്‌ട്രേറ്റിന് മുന്നിലും ഹാജരാക്കി മൊഴിയെടുത്തു.

സംഭവം പുറത്തുപറയാതെയും മാധ്യമങ്ങളില്‍നിന്ന് ഒളിച്ചുവയ്ക്കുകയും ചെയ്തതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ചൈല്‍ഡ് ലൈനിന് പരാതി നല്‍കി മൊഴിയെടുത്തതോടെയാണ് സംഭവം വാര്‍ത്തയാവുന്നത് എന്നാല്‍, ആഴ്ചകളായിട്ടും പ്രതിയെ അറസ്റ്റുചെയ്യാത്തത് ദുരൂഹത ഉണര്‍ത്തിയിരുന്നു. അതിനിടെ പ്രതിയായ ആര്‍എസ്എസ്സുകാരന്‍ പ്രദേശത്ത് നിര്‍ലോഭം സഞ്ചരിക്കുന്നുണ്ടായിരുന്നു. ഇയാള്‍ക്കെതിരേ യാതൊരു നടപടിയും എടുക്കാത്തതും വിവാദമായി. ആര്‍എസ്എസ് നേതാവിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെന്ന ആരോപണവും ശക്തമായി.

ശാരീരിക് ശിക്ഷകിനെതിരെയുള്ള കേസ് ഒതുക്കിത്തീര്‍ക്കാന്‍ പോലിസിന്റെ സഹായത്താല്‍ നീക്കം നടന്നന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. സംഭവം വിവാദം സൃഷ്ടിച്ചതോടെ പോലിസ് വ്യാപക തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഇയാളെ കണ്ടത്തിയത്. വൈദ്യപരിശോധനയ്ക്കുശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. പാലത്തായി പീഡനക്കേസ് പോലെ ആര്‍എസ്എസ് പ്രവര്‍ത്തകനെ രക്ഷപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നതെന്ന സംശയം നാട്ടുകാര്‍ക്കിടയിലുണ്ട്.

Tags: