കൊവിഡ് മുക്തനായ മുന്‍ കേന്ദ്രമന്ത്രി ഖാസി റഷീദ് മസൂദ് അന്തരിച്ചു

Update: 2020-10-05 09:46 GMT

സഹാറന്‍പൂര്‍: കൊവിഡ് മുക്തനായ മുന്‍ കേന്ദ്ര ആരോഗ്യ മന്ത്രി ഖാസി റഷീദ് മസൂദ് അന്തരിച്ചു. 73 വയസ്സായിരുന്നു. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ഒരു അപ്പോളോ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഇദ്ദേഹം സുഖം പ്രാപിച്ചെങ്കിലും പിന്നീട് ആരോഗ്യനില വഷളായി. ഡല്‍ഹിയിലെ ചികില്‍സയ്ക്കു ശേഷം സഹാറന്‍പൂരിലേക്ക് മടങ്ങിയെത്തിയെങ്കിലും ആരോഗ്യനില വീണ്ടും വഷളായതിനെ തുടര്‍ന്ന് റൂര്‍ക്കിയിലെ ഒരു നഴ്‌സിങ് ഹോമില്‍ പ്രവേശിപ്പിച്ചിരുന്നു. നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്ന ഇദ്ദേഹം തിങ്കളാഴ്ച രാവിലെ 10ഓടെയാണ് മരിച്ചത്.

    പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന രാഷ്ട്രീയക്കാരില്‍ ഒരാളായ ഇദ്ദേഹം അഞ്ച് പതിറ്റാണ്ടോളം മുലായം സിങ് യാദവിനും വി പി സിങിനുമൊപ്പം പ്രവര്‍ത്തിച്ചിരുന്നു. 1989ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനതാദള്‍ സ്ഥാനാര്‍ത്ഥിയായി വിജയിച്ച മസൂദ് വി പി സിങ് മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയായിരുന്നു. 2012ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. അഞ്ച് തവണ ലോക്‌സഭാംഗവും നാല് തവണ രാജ്യസഭാംഗവുമായിരുന്നു.

    2012ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് ഇദ്ദേഹത്തെ രാജ്യസഭാംഗമാക്കി. അടിയന്തരാവസ്ഥയ്ക്ക് പിന്നാലെ 1977ല്‍ നടന്ന ആദ്യത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മസൂദ് ജനതാ പാര്‍ട്ടി ടിക്കറ്റില്‍ മല്‍സരിച്ച് വിജയിച്ചിരുന്നു. ശേഷം ജനതാ പാര്‍ട്ടി(സെക്കുലര്‍)യില്‍ ചേര്‍ന്നു. 1994ല്‍ മുലായം സിങുമായി അടുക്കുകയും സമാജ്‌വാദി പാര്‍ട്ടിയില്‍ ചേരുകയും ചെയ്തു. പിന്നീട് 1996 ല്‍ അദ്ദേഹം ഇന്ത്യന്‍ ഏകതാ പാര്‍ട്ടി രൂപീകരിച്ചു. 2003ല്‍ വീണ്ടും സമാജ്‌വാദി പാര്‍ട്ടിയിലേക്ക് വന്നു. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എസ്പി ടിക്കറ്റില്‍ മല്‍സരിച്ച് വിജയിച്ചു. ആരോഗ്യമന്ത്രിയായിരുന്ന കാലയളവില്‍ എംബിബിഎസ് പ്രവേശനത്തില്‍ ക്രമക്കേട് നടത്തിയെന്ന കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ പോയതിനാല്‍ രാജ്യസഭാഅംഗത്വം നഷ്ടപ്പെട്ടിരുന്നു. 1996, 1998, 1999, 2009 ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

Saharanpur: Former minister Qazi Rasheed Masood no more




Tags:    

Similar News