'രാമക്ഷേത്രത്തിന് അടിത്തറ പാകിയത് രാജീവ് ഗാന്ധി'; കാവി വല്‍ക്കരണത്തിലെ പങ്ക് വ്യക്തമാക്കി കോണ്‍ഗ്രസ് പരസ്യം

രാജീവ് ഗാന്ധിയുടെ 76ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച പരസ്യത്തിലാണ് മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഇക്കാര്യം

Update: 2020-08-20 11:33 GMT

ഭോപ്പാല്‍: അന്തരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ആധുനിക ഇന്ത്യയ്ക്ക് മാത്രമല്ല രാമക്ഷേത്രത്തിനും അടിത്തറ പാകിയെന്ന് കോണ്‍ഗ്രസ്. രാജീവ് ഗാന്ധിയുടെ 76ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച പരസ്യത്തിലാണ് മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഇക്കാര്യം അവകാശപ്പെടുന്നത്.

രാജീവ് ഗാന്ധിയുടെ പ്രസംഗങ്ങള്‍ ഇന്ത്യയെ ശക്തവും മികച്ചതുമാക്കി മാറ്റാനുള്ള തീക്ഷ്ണതയെ പ്രതിഫലിപ്പിച്ചെന്നും ഇന്ത്യയില്‍ രാമ രാജ്യത്തിന് അടിത്തറയിട്ടത് അദ്ദേഹമാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗോവിന്ദ് ഗോയലും കൂട്ടാളികളും പ്രസിദ്ധീകരിച്ച പരസ്യത്തില്‍ അവകാശപ്പെടുന്നു.

അദ്ദേഹം (രാജീവ് ഗാന്ധി) ഒരു വശത്ത് ഒരു ആധുനിക ഇന്ത്യ സ്ഥാപിക്കുന്നതിന് വഴിയൊരുക്കി, മറുവശത്ത് ഇന്ത്യക്കാരന്റെ വിശ്വാസത്തെയും മതവിശ്വാസത്തെയും പരിപാലിച്ചു'- പരസ്യം പറയുന്നു.

'രാമ രാജ്യം' എന്ന ആശയത്തോടുള്ള രാജീവിന്റെ ചായ്‌വിന് ഊന്നല്‍ നല്‍കി നിരവധി വസ്തുതകളാണ് പരസ്യം ചൂണ്ടിക്കാട്ടുന്നത്. അദ്ദേഹത്തിന്റെ പരിശ്രമത്തിന്റെ അടിസ്ഥാനത്തില്‍ 1985ലാണ് രാമായണ സംപ്രേഷണം ആരംഭിച്ചതെന്ന് പരസ്യം പറയുന്നു. മഹാത്മാഗാന്ധിയുടെ 'രാമ രാജ്യ' ആശയം മുന്‍ പ്രധാനമന്ത്രിയെ സ്വാധീനിച്ചതായും പരസ്യം അവകാശപ്പെടുന്നു.

അന്നത്തെ യുപി മുഖ്യമന്ത്രി വീര്‍ ബഹാദൂര്‍ സിങ്ങിനെ ബോധ്യപ്പെടുത്തിയ ശേഷം 1986ല്‍ രാജ ജന്മസൈറ്റ് തുറന്നുനല്‍കിയതായും പരസ്യം പറയുന്നു.

1989ല്‍ രാമക്ഷേത്രത്തിന് അടിത്തറയിടാന്‍ രാജീവ് അനുമതി നല്‍കിയതായും ചടങ്ങില്‍ സംബന്ധിക്കാന്‍ മുന്‍ ആഭ്യന്തരമന്ത്രി ബൂട്ടാ സിംഗിനെ അയച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗാന്ധി ചെന്നൈയില്‍ നടത്തിയ അവസാന വാര്‍ത്താസമ്മേളനത്തില്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് വ്യക്തമാക്കിയിരുന്നുവെന്നും പരസ്യത്തില്‍ പറയുന്നു.

ആഗസ്ത് 5ന് രാമക്ഷേത്രത്തിനു വേണ്ടിയുള്ള ഭൂമി പൂജയെ പൂര്‍ണ്ണഹൃദയത്തോടെ സ്വീകരിച്ച ആദ്യത്തെ കോണ്‍ഗ്രസ് നേതാക്കളില്‍ മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ കമല്‍ നാഥും ഉള്‍പ്പെടുന്നു. അയോധ്യയിലെ ക്ഷേത്ര നിര്‍മാണത്തെ കോണ്‍ഗ്രസിന്റെ മറ്റൊരു മുതിര്‍ന്ന നേതാവായ ദിഗ്‌വിജയ സിങും പിന്തുണച്ചിരുന്നു.

Tags:    

Similar News