സാബിയ സെയ്ഫി വധം: പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുക:വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

മനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യം രാജ്യതലസ്ഥാനത്ത് അരങ്ങേറിയിട്ട് പത്ത് ദിവസം പിന്നിട്ടിട്ടും കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ല എന്നത് ഏറെ പ്രതിഷേധാര്‍ഹമാണെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത് പറഞ്ഞു

Update: 2021-09-07 10:15 GMT

കൊച്ചി: ഡല്‍ഹി ലജ്പത് നഗര്‍ ജില്ലാ മജിസ്‌ട്രേറ്റ് ഓഫിസിലെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥ സാബിയ സെയ്ഫിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റുചെയ്യണമെന്നും കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നുമാവശ്യപ്പെട്ട് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് (WIM) സംസ്ഥാന വ്യാപമായി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ആലുവയില്‍ നടന്ന പ്രോഗ്രാം വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത് ഉദ്ഘാടനം ചെയ്തു.

മനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യം രാജ്യതലസ്ഥാനത്ത് അരങ്ങേറിയിട്ട് പത്ത് ദിവസം പിന്നിട്ടിട്ടും കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ല എന്നത് ഏറെ പ്രതിഷേധാര്‍ഹമാണെന്നും ഇരകളുടെ ജാതിയും മതവും നോക്കി മാത്രം പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന തരത്തില്‍ രാജ്യത്തിന്റെ സാമൂഹികാന്തരീക്ഷം മാറിയിരിക്കുന്നത് ആശങ്കാജനകമാണെന്നും അവര്‍ പറഞ്ഞു. കഴുത്ത് പിളര്‍ക്കുകയും മാറിടങ്ങള്‍ മുറിച്ചുമാറ്റുകയും ജനനേന്ദ്രിയത്തില്‍ പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ ശരീരത്തിലുടനീളം ധാരാളം മുറിവുകളുമുണ്ടായിരുന്നെന്നും അമ്പതോളം തവണ കത്തിയുപയോഗിച്ച് കുത്തിയിട്ടുണ്ടെന്നും റിപോര്‍ട്ടുകള്‍ പുറത്തുവന്നു. മനുഷ്യത്വം മരവിച്ചുപോവുന്ന ക്രൂരകൃത്യത്തില്‍ പൊതുസമൂഹം പുലര്‍ത്തുന്ന നിസ്സംഗതയും മൗനവും അക്രമത്തേക്കാള്‍ ഭയാനകമാണ്.

രാജ്യത്ത് അക്രമികള്‍ക്ക് സൈ്വര്യവിഹാരം നടത്താന്‍ ഭരണകൂടം ഒത്താശചെയ്യുന്നതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാനിടയാക്കുന്നത്. യുപിയിലെ ഹാഥറാസില്‍ ദലിത് പെണ്‍കുട്ടി ക്രൂര ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സവര്‍ണ കുമാരന്മാരന്മാര്‍ പ്രതിയായപ്പോള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും വരെ ഭീകരനിയമം ചാര്‍ത്തപ്പെട്ട് ജയിലിലടയ്ക്കപ്പെട്ടു. ആര്‍എസ്എസ് നിയന്ത്രിത ബിജെപി ഭരണത്തില്‍ മനുഷ്യ ജീവനുകള്‍ക്ക് യാതൊരു വിലയുമില്ലാതായിരിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സംഭവങ്ങള്‍ നമ്മുടെ വാര്‍ത്താ മാധ്യമങ്ങളുടെ െ്രെപടൈം വാര്‍ത്തകള്‍ക്കും ചര്‍ച്ചകള്‍ക്കും വിഷയമാകുമ്പോള്‍ രാജ്യത്തെ ഞെട്ടിക്കുന്ന ഇത്തരം ക്രൂരകൃത്യങ്ങള്‍ മറച്ചുപിടിക്കാന്‍ നടത്തുന്ന ഗൂഢശ്രമങ്ങള്‍ അപലപനീയമാണെന്നും റൈഹാനത്ത് കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഐ ഇര്‍ഷാന , എറണാകുളം ജില്ലാ പ്രസിഡന്റ് സുനിത നിസാര്‍, കടുങ്ങല്ലൂര്‍ പഞ്ചായത്ത് അംഗം റമീന അബ്ദുല്‍ ജബ്ബാര്‍, ചെങ്ങമനാട് പഞ്ചായത്ത് അംഗം നിഷ ടിച്ചര്‍ സംസാരിച്ചു. സംസ്ഥാന വ്യാപകമായി ജില്ലാ, മണ്ഡലം. പഞ്ചായത്ത് തലങ്ങളിലും പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

Tags: