ശബരിമലയുടെ പേരില്‍ അഴിഞ്ഞാടി സംഘപരിവാരം; സംസ്ഥാന വ്യാപക അക്രമം
സംഘടിച്ചെത്തിയ ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ക്കു നേരെ അക്രമം നടത്തുകയും ചെയ്തു. ഗുരുവായൂരില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനു നേരെയും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി.
തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ പലയിടത്തും സംഘര്‍ഷം. സംഘടിച്ചെത്തിയ ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ക്കു നേരെ അക്രമം നടത്തുകയും ചെയ്തു. ഗുരുവായൂരില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനു നേരെയും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. പ്രതിഷേധക്കാരെ പോലിസ് അറസ്റ്റ് ചെയ്തുനീക്കി. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ ബിജെപി നടത്തുന്ന സമരപ്പന്തലിനടുത്ത വന്‍ സംഘര്‍ഷാവസ്ഥയുണ്ടായി. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും കൈയേറ്റശ്രമമുണ്ടായി. കൊച്ചിയില്‍ പ്രധാന റോഡുകള്‍ ഉപരോധിച്ചു.
കൊല്ലത്ത് ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനിടെ മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ചു. മനോരമ ഫോട്ടോഗ്രഫര്‍ വിഷ്ണു വി സനലിനെ കൈയേറ്റം ചെയ്യുകയും കാമറ പിടിച്ചുവാങ്ങി ലെന്‍സ് വലിച്ചെറിയുകയും ചെയ്തു. കൊല്ലം നഗരത്തില്‍ രാമന്‍കുളങ്ങരയില്‍ നിന്നു പ്രകടനമായെത്തിയ സംഘം സ്വകാര്യ ബസില്‍ യാത്ര ചെയ്ത ഒരാളെ ബസില്‍ കയറി മര്‍ദിക്കുന്നതിന്റെ ചിത്രമെടുക്കുന്നതിനിടെയായിരുന്നു ആക്രമണം. കൊട്ടാരക്കരയിലും പ്രതിഷേധക്കാര്‍ കടകള്‍ ബലമായി അടപ്പിച്ചു.
തൃശൂരിലെ മാളയിലും കൊടുങ്ങല്ലൂരിലും ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്തു. ആലപ്പുഴയില്‍ അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ദേവസ്വം ബോര്‍ഡ് ഓഫിസ് ശബരിമല കര്‍മ സമിതി പ്രവര്‍ത്തകര്‍ അടപ്പിച്ചു. ഓഫിസ് താഴിട്ടു പൂട്ടി താക്കോല്‍ പ്രവര്‍ത്തകര്‍ കൊണ്ടുപോയി. കാസര്‍കോട് കറന്തക്കാട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. മംഗലാപുരം-കാസര്‍കോട് ദേശീയപാത ഉപരോധിച്ചതു കാരണം ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പത്തനംതിട്ടയിലും മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കൈയേറ്റമുണ്ടായി. കൈരളി ചാനലിന്റെ മൈക്ക് തകര്‍ത്തു. മീഡിയാ വണ്‍ ലൈവ് വാഹനത്തിനും നേരെയും ആക്രമണമുണ്ടായി. പല ജില്ലകളിലേക്കും സംഘര്‍ഷം വ്യാപിക്കുന്നതിനാല്‍ പോലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പാലക്കാട് കൊടുവായൂരില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. ചിറ്റൂരില്‍ നിന്ന് തൃശ്ശൂരിലേക്ക് പോയ ബസിന് നേരെയാണ് കല്ലേറുണ്ടായത്. വെള്ളനാട് സിപിഎം ഓഫിസ് അക്രമികള്‍ അടിച്ചുതകര്‍ത്തു. സംസ്ഥാനവ്യാപകമായി വലിയ അക്രമങ്ങളാണ് ശബരിമല യുവതി പ്രവേശനത്തെ തുടര്‍ന്ന് അരങ്ങേറുന്നത്.
തിരുവനന്തപുരത്താണ് ഏറ്റവുമധികം അക്രമങ്ങള്‍ ഉണ്ടായത്. കാട്ടാക്കട, നെടുമങ്ങാട്, പൂജപ്പുര, വിളപ്പില്‍ശാല, പേയാട് എന്നിവിടങ്ങളില്‍ വലിയ പ്രതിഷേധമാണ് അരങ്ങേറി.
കൊല്ലത്ത് പത്തോളം പോലിസുകാര്‍ക്ക് പരിക്ക്
കൊല്ലത്ത് കരുനാഗപ്പള്ളിയില്‍ സംഘപരിവാര അക്രമത്തില്‍ പത്തോളം പോലിസുകാര്‍ക്ക് പരിക്കേറ്റു.
കരുനാഗപ്പള്ളി പോലിസ് സ്‌റ്റേഷനിലെ എഎസ്‌ഐ ഷാഫി, ജിഎസ്‌ഐ സബിന്‍ മാത്യു, ജിഎസ്‌ഐ പത്മകുമാര്‍, എഎസ്‌ഐ രാജേന്ദ്രന്‍, സിപിഒമാരായ ഇബ്രാഹിം കുട്ടി,രാജീവ്, ഓച്ചിറ പോലിസ് സ്‌റ്റേഷനിലെ സിപിഒ ബിനില്‍ രാജ് എന്നിവര്‍ക്കാണു പരിക്കേറ്റത്.
കരുനാഗപ്പള്ളിയില്‍ ബഷി ഷൂ ബസാര്‍ ഉള്‍പ്പടെയുള്ള കടകള്‍ സംഘപരിവാരം അടിച്ചു തകര്‍ത്തു.
പത്തനംതിട്ടയിലും പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റാന്നിയില്‍ ശബരിമലകര്‍മ്മസമിതിയുടെ റോഡ് ഉപരോധം നടന്നു. ഏഴംകുളത്ത് റോഡ് ഉപരോധിച്ച കര്‍മ്മസമിതി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.

