ശബരിമല: കെ പി ശശികലക്കെതിരായ കേസ് റദ്ദാക്കി

Update: 2022-06-04 17:38 GMT

കൊച്ചി: ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികലക്കെതിരെയടക്കം രജിസ്റ്റര്‍ ചെയ്ത കേസ് ഹൈകോടതി റദ്ദാക്കി. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇവര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ ഉണ്ടായ അക്രമസംഭവങ്ങളില്‍ ശശികലയെയും ശബരിമല കര്‍മ സമിതി ജനറല്‍ കണ്‍വീനര്‍ എസ്‌ജെആര്‍ കുമാറിനെയും പ്രതിയാക്കി കണ്ണൂര്‍ ടൗണ്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസാണ് ജസ്റ്റിസ് എ എ സിയാദ് റഹ്മാന്‍ റദ്ദാക്കിയത്.

പോലിസിന്റെ എഫ്‌ഐആറില്‍ ഇവരെ പ്രതിയാക്കിയില്ലെന്നും പിന്നീട് സംസ്ഥാന പോലിസ് മേധാവിയുടെ നിര്‍ദേശപ്രകാരമാണ് പ്രതിചേര്‍ത്തതെന്നും ഹരജിക്കാരുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഇവരെ പ്രതിചേര്‍ത്ത് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ടും നല്‍കിയിരുന്നു.

എന്നാല്‍, കണ്ണൂരിലെ സംഭവങ്ങളില്‍ ഇവര്‍ക്ക് പങ്കില്ലെന്നും അന്തിമ റിപ്പോര്‍ട്ടില്‍ ഇതിന് തെളിവുകള്‍ നല്‍കിയിട്ടില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. ഇക്കാര്യം അംഗീകരിച്ച കോടതി കേസ് റദ്ദാക്കുകയായിരുന്നു.

Tags: