ശബരിമല തിരുവാഭരണങ്ങള്‍ പന്തളം രാജകുടുംബം കൈവശം വയ്ക്കുന്നത് ചോദ്യം ചെയ്ത് സുപ്രിം കോടതി

തിരുവാഭരണത്തിന്റെ ഉടമസ്ഥത ദൈവത്തിനാണോ രാജകുടുംബത്തിനാണോയെന്ന് വിശദമാക്കണമെന്നും ജസ്റ്റിസ് എന്‍വി രമണ ആവശ്യപ്പെട്ടു.

Update: 2020-02-05 10:21 GMT

ന്യൂഡല്‍ഹി: ദൈവത്തിനു സമര്‍പ്പിച്ച ശബരിമല തിരുവാഭരണത്തില്‍ പന്തളം രാജകുടുംബത്തിന് എങ്ങനെ അവകാശവാദം ഉന്നയിക്കാനാവുമെന്ന് സുപ്രിം കോടതി. തിരുവാഭരണത്തിന്റെ ഉടമസ്ഥത ദൈവത്തിനാണോ രാജകുടുംബത്തിനാണോയെന്ന് വിശദമാക്കണമെന്നും ജസ്റ്റിസ് എന്‍വി രമണ ആവശ്യപ്പെട്ടു. ശബരിമല ക്ഷേത്രത്തിന്റെ ഭരണവുമായി ബന്ധപ്പെട്ട് പന്തളം രാജകുടുംബാംഗം നല്‍കിയ ഹര്‍ജിയിലാണ് സുപ്രിം കോടതി സംശയം ഉന്നയിച്ചത്. ശബരിമല തിരുവാഭരണം ദൈവത്തിനു സമര്‍പ്പിച്ചതല്ലേയെന്നു വാദത്തിനിടെ ജസ്റ്റിസ് രമണ ചോദിച്ചു. അങ്ങനെയെങ്കില്‍ രാജകുടുംബത്തിന് അതില്‍ എങ്ങനെയാണ് അവകാശമുണ്ടാവുകയെന്നും കോടതി ആരാഞ്ഞു.

തിരുവാഭരണങ്ങള്‍ ക്ഷേത്രത്തിന് കൈമാറാനോ, പരിപാലനത്തിന് പ്രത്യേക ഓഫിസറെ നിയമിക്കാനോ വേണ്ടിയുള്ള നിര്‍ദേശം നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്ന് ദേവസ്വം ബോര്‍ഡിനോട് കോടതി ചോദിച്ചു. രാജകുടുംബത്തിന്റെ ഒരു വിഭാഗം തിരുവാഭരണത്തില്‍ അവകാശവാദം ഉന്നയിക്കുന്നുണ്ടെന്ന് ദേവസ്വം ബോര്‍ഡ് മറുപടി നല്‍കി. തിരുവാഭരണത്തിന്റെ കാര്യത്തില്‍ രാജ കുടുംബത്തിലെ രണ്ട് വിഭാഗങ്ങള്‍ അവകാശവാദം ഉന്നയിക്കുന്നത് ശരിയായ നടപടിയല്ലെന്ന് കോടതി വിമര്‍ശിച്ചു. തിരുവാഭരണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഈ ഘട്ടത്തില്‍ കോടതിയെ അറിയിച്ചു. തിരുവാഭരണത്തിന്റെ കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ സര്‍ക്കാരിനോടും ദേവസ്വം ബോര്‍ഡിനോടും കോടതി ആവശ്യപ്പെട്ടു.

അതിനിടെ ശബരിമല ക്ഷേത്ര ഭണത്തിനായി പ്രത്യേക നിയമം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട്, ബില്ലിന്റെ കരടിന് രൂപം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു. നാലാഴ്ചത്തെ സമയം കൂടി വേണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ പറഞ്ഞത്.

Tags:    

Similar News