റിയാലിറ്റി ഷോയിലെ താരമായ യുവതിയുടെ ഫോട്ടോ എടുത്തതുമായി ബന്ധപ്പെട്ട തർക്കം; ശബരിമല തീർത്ഥാടകർ‌ക്കെതിരേ യുവാവിന്‍റെ ആക്രമണം

Update: 2023-01-05 04:24 GMT

കളർകോട്: ആലപ്പുഴ കളർകോട് ശബരിമല തീർത്ഥാടക സംഘത്തിന്‍റെ വാഹനത്തിനു നേരെ യുവാവിന്റെ ആക്രമണം. വാഹനത്തിന്റെ ചില്ല് തകർത്തു. സംഘത്തിലുണ്ടായിരുന്ന 9 കാരിക്ക് പരിക്കേറ്റു.അക്രമിക്കായി തെരച്ചിൽ തുടങ്ങിയെന്ന് പൊലീസ് വിശദമാക്കി. ശബരിമല സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർഥാടക സംഘത്തിന് നേരെയാണ് ആലപ്പുഴ കളര്‍കോട് വച്ച് യുവാവിന്‍റ ആക്രമണമുണ്ടായത്. ബസിന്‍റെ ചില്ല് യുവാവ് അടിച്ചു തകര്‍ത്തു.

അക്രമത്തില്‍ സംഘത്തിലെ ഒന്പത് വയ്സുകാരിയുടെ കൈക്ക് പരിക്കേറ്റു. യുവാവിനൊപ്പം ടിവി റിയാലിറ്റി ഷോയിലെ താരമായ യുവതിയാണ് ഉണ്ടായിരുന്നതെന്നും അയ്യപ്പ ഭക്തര്‍ പൊലീസിന് മൊഴി നല്‍കി.യുവാവിന്‍റെയും യുവതിയുടെയും ഫോട്ടോ എടുത്തെന്ന് ആരോപിച്ച് ആയിരുന്നു അതിക്രമമെന്നാണ് തീര്‍ത്ഥാടക സംഘം പറയുന്നത്.മലപ്പുറം ചുങ്കത്തറ പഞ്ചായത്തിലെ കൊട്ടേപ്പാടം സ്വദേശികളായ അയ്യപ്പഭക്തര്‍ ശബരി മല സന്ദര്ശനം കഴിഞ്ഞ് തിരികെ വരുകയായിരുന്നു. സംഘത്തില്‍ 9 കുട്ടികളടക്കം 39 പേരുണ്ടായിരുന്നു. ഇന്നലെ രാത്രി പത്ത് മണിക്ക് ചായ കുടിക്കാന്‍ കളര്‍കോട് ജംഗഷനില് സംഘം ഇറങ്ങി.

ഈ സമയം ഹോട്ടലിന് മുന്നില് പാര്‍ക്ക് ചെയ്തിരുന്ന ഒരു ബൈക്കിന് സമീപത്ത് നിന്ന് സംഘത്തിലുണ്ടായിരുന്ന രണ്ട് പെണ്‍കുട്ടികള് മൊബൈല്‍ ഫോണില് ഫോട്ടോയെടുത്തു. ഈ സമയം തൊട്ടടുത്ത് നില്‍ക്കുകയായിരുന്ന യുവാവ് വൃന്ദാവന എന്ന 9 വയസ്സുകാരിയെ തള്ളിത്താഴെയിട്ടു. തന്‍റെയും കൂടെയുണ്ടായിരുന്ന യുവതിയുടെയും ഫോട്ടോ എടുത്തു എന്ന് പറഞ്ഞായിരുന്നു അക്രമം. പെണ്‍കുട്ടിയുടെ കൈക്ക് പരിക്കേറ്റു. ഇതോടെ സംഘത്തിലുള്ളവരും യുവാവും തമ്മില് വാക്കേറ്റമായി.