ശബരിമലയില്‍ യുവതിപ്രവേശനം: ശബരിമല കര്‍മ സമിതിയുടെ ഹര്‍ത്താലില്‍ 1 കോടി 45 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്ന് സര്‍ക്കാര്‍; കേസെടുത്താല്‍ സെന്‍കുമാര്‍ അടക്കമുള്ളവര്‍ പ്രതികളാകും
നഷ്ടം ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത് ശബരിമല കര്‍മ സമിതി നേതാക്കളില്‍ നിന്നും ഈടാക്കാന്‍ ഹൈക്കോടതിയുടെ വാക്കാല്‍ പരാമര്‍ശം. അന്നത്തെ ഹര്‍ത്താലിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഏകദേശം 990 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ശബരിമല കര്‍മ സമിതി നേതാക്കള്‍ക്കെതിരെ കേസെടുക്കുകയാണെങ്കില്‍ നേതാക്കളായ ടി പി സെന്‍കുമാര്‍,കെ എസ് രാധാകൃഷ്ണന്‍, ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള അടക്കമുള്ളവര്‍ കേസുകളില്‍ പ്രതിചേര്‍ക്കപ്പെടും
കൊച്ചി : സുപ്രീം കോടതിവിധിയനുസരിച്ച് ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലില്‍ 1 കോടി 45 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.നഷ്ടം ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത് ശബരിമല കര്‍മ സമിതി നേതാക്കളില്‍ നിന്നും ഈടാക്കാന്‍ ഹൈക്കോടതിയുടെ വാക്കാല്‍ പരാമര്‍ശമുണ്ടായി. അന്നത്തെ ഹര്‍ത്താലിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഏകദേശം 990 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ശബരിമല കര്‍മ സമിത ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്ത് 38,52042 രൂപയുടെ പൊതുസ്വത്തിനും 10,64,5726 രൂപയുടെ സ്വകാര്യ സ്വത്തിനും നാശമുണ്ടായതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. മൂന്നു കോടിയിലേറെ രൂപയുടെ നഷ്ടം കെഎസ്ആര്‍ടിസിക്ക് മാത്രമുണ്ടായെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
ബിജെപി പിന്തുണയോടെയാണ് ശബരിമല കര്‍മ സമിതി ഹര്‍ത്താല്‍ നടത്തിയത്. ജനുവരി മൂന്നിന് നടത്തിയ ഹര്‍ത്താല്‍ കോടതി അലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹരജിയിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.ജനുവരി രണ്ടിനും മൂന്നിനും ഉണ്ടായ അക്രമസംഭവങ്ങള്‍ 1320 പേരെ അറസ്റ്റു ചെയ്തിരുന്നു. മുന്‍കരുതല്‍ കസ്റ്റഡി എന്നനിലയില്‍ 843 പേരെയും കസ്റ്റഡിയില്‍ എടുത്തിരുന്നു. വിവിധയിടങ്ങളില്‍ നടന്ന 990 അക്രമ സംഭവങ്ങളിലായി 32720 പേര്‍ക്കെതിരെ കേസെടുത്തു. അക്രമങ്ങളില്‍ 150 പൊലീസുകാര്‍ക്കടക്കം 302 പേര്‍ക്ക് പരിക്കേറ്റതായും പറയുന്നു.വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹായത്തോടെ കൂടുതല്‍ വിശദമായ കണക്കുകള്‍ പിന്നീട് ഹാജരാക്കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.ഹര്‍ത്താലിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് ശബരിമല കര്‍മ സമിതി നേതാക്കള്‍ക്കെതിരെ കേസെടുക്കുകയാണെങ്കില്‍ നേതാക്കളായ ടി പി സെന്‍കുമാര്‍,കെ എസ് രാധാകൃഷ്ണന്‍, ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള അടക്കമുള്ളവര്‍ കേസുകളില്‍ പ്രതിചേര്‍ക്കപെടുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
