ഖദ്ദാഫിയുടെ മകന്‍ സഅദി ഖദ്ദാഫി ജയില്‍ മോചിതനായി

മോചിതനായ 47കാരന്‍ ഇസ്താംബൂളിലേക്ക് പറന്നതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു.

Update: 2021-09-06 05:28 GMT

ട്രിപ്പോളി: 2011ലെ പ്രക്ഷോഭത്തിനിടെ പുറത്താക്കപ്പെടുകയും തുടര്‍ന്ന് കൊല്ലപ്പെടുകയും ചെയ്ത മുന്‍ നേതാവ് മുഅമ്മര്‍ ഗദ്ദാഫിയുടെ മകന്‍ സഅദി ഗദ്ദാഫിയെ ലിബിയന്‍ അധികൃതര്‍ വിട്ടയച്ചതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. മോചിതനായ 47കാരന്‍ ഇസ്താംബൂളിലേക്ക് പറന്നതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു.

2011 ലെ പ്രക്ഷോഭത്തിനിടെ സഅദി ഗദ്ദാഫി നൈജറിലേക്ക് പലായനം ചെയ്‌തെങ്കിലും 2014ല്‍ ഇദ്ദേഹത്തെ ലിബിയയിലേക്ക് തിരിച്ചയക്കുകയായിരുന്നു. തുടര്‍ന്ന് ട്രിപ്പോളിയില്‍ തടവിലായി.

2011ല്‍ പ്രതിഷേധക്കാര്‍ക്കെതിരേ ചെയ്ത കുറ്റകൃത്യങ്ങള്‍ക്കും 2005ലെ ലിബിയന്‍ ഫുട്‌ബോള്‍ പരിശീലകന്‍ ബഷീര്‍ അല്‍ റയാനിയുടെ കൊലപാതകത്തിലും മുന്‍ പ്രഫഷണല്‍ ഫുട്‌ബോളറായ സഅദിക്ക് പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ടു. 2018 ഏപ്രിലില്‍ അല്‍ റയാനിയുടെ കൊലപാതക കേസില്‍ ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു.

'ആവശ്യമായ എല്ലാ വ്യവസ്ഥകളും സമ്മതിച്ചാല്‍ ഉടന്‍ തന്നെ സഅദി ഗദ്ദാഫിയുമായി ബന്ധപ്പെട്ട തീരുമാനം നടപ്പിലാക്കാന്‍' ചീഫ് പ്രോസിക്യൂട്ടര്‍ മാസങ്ങള്‍ക്കു മുമ്പ് തന്നെ ആവശ്യപ്പെട്ടിരുന്നതായി പ്രോസിക്യൂട്ടര്‍ ഓഫിസ് ജീവനക്കാരനെ ഉദ്ധരിച്ച് എഎഫ്ഫി റിപോര്‍ട്ട് ചെയ്തു. അദ്ദേഹത്തിന് രാജ്യത്ത് തന്നെ തുടരാനോ പുറത്തുപോവാനോ സ്വാതന്ത്ര്യമുണ്ടായിരുന്നുവെന്നും പ്രോസിക്യൂട്ടര്‍ ഓഫിസ് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

പ്രക്ഷോഭം ആരംഭിച്ചിനു ശേഷം പത്തു വര്‍ഷമായി ലിബിയയില്‍ അരാജകത്വവും ഭരണ പ്രതിസന്ധിയും അനുഭവിക്കുകയാണ്. മുഅമ്മര്‍ ഗദ്ദാഫിയെ കൂടാതെ അദ്ദേഹത്തിന്റെ മൂന്ന് ആണ്‍മക്കളും പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടിരുന്നു.

Tags:    

Similar News