എസ് ശ്രീജിത്തിന്റെ സ്ഥാനക്കയറ്റം: ഇരകളോടുള്ള പിണറായി സര്‍ക്കാരിന്റെ വെല്ലുവിളി-പോപുലര്‍ ഫ്രണ്ട്

Update: 2021-01-02 12:52 GMT

കോഴിക്കോട്: പാലത്തായി പീഡനക്കേസ് അന്വേഷണ അട്ടിമറിയില്‍ ആരോപണ വിധേയനായ ഐപിഎസ് ഉദ്യോഗസ്ഥന്‍ എസ് ശ്രീജിത്തിനെ സ്ഥാനക്കയറ്റം നല്‍കി ക്രൈംബ്രാഞ്ച് മേധാവിയാക്കിയ നടപടി ദുരുദ്ദേശപരമാണെന്നു പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍. ക്രൈംബ്രാഞ്ച് ഐജിയായിരിക്കെ പാലത്തായി പീഡനക്കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണ ചുമതലയില്‍ നിന്നു ശ്രീജിത്തിനെ ഹൈക്കോടതി മാറ്റിയിരുന്നു. അന്വേഷണത്തില്‍ നിന്നു മാറ്റി നിര്‍ത്തിയ ഉദ്യോഗസ്ഥനെ ക്രൈംബ്രാഞ്ചിന്റെ തലപ്പത്തേക്ക് നിയോഗിച്ചതിലൂടെ തെറ്റായ സന്ദേശമാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്നത്.

    പാലത്തായി കേസില്‍ പ്രതിയായ ആര്‍എസ്എസ് നേതാവ് പത്മരാജനെ സംരക്ഷിക്കുന്ന നിലപാടാണ് തുടക്കം മുതല്‍ സര്‍ക്കാരും ആഭ്യന്തര വകുപ്പും സ്വീകരിച്ചിരുന്നത്. ഏറെ പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഒടുവിലാണ് പത്മരാജനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയായപ്പോഴാണ് ഭാഗിക കുറ്റപത്രം പോലും ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചത്. തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി വെളിപ്പെടുത്തിയിട്ടും പോക്‌സോ വകുപ്പുകള്‍ ചുമത്താതെ ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരമുള്ള ദുര്‍ബല വകുപ്പുകളിട്ട് പ്രതിക്ക് ജാമ്യം ലഭിക്കാനും അന്വേഷണ സംഘം വഴിയൊരുക്കി. ഇതിനെതിരേ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും ആര്‍എസ്എസ് നേതാവിനെ സംരക്ഷിക്കുന്ന നിലപാടാണ് പിണറായി സര്‍ക്കാര്‍ സ്വീകരിച്ചത്.

    കാലങ്ങളായി ഒളിഞ്ഞും തെളിഞ്ഞും ആര്‍എസ്എസിന് കുഴലൂത്ത് നടത്തുന്ന പിണറായി സര്‍ക്കാര്‍ പാലത്തായി പീഡനക്കേസിലും ജനങ്ങളെ വിഢ്ഢികളാക്കുകയാണ്. കോടതിയെ പോലും വെല്ലുവിളിച്ചാണ് ശ്രീജിത്തിനെ എഡിജിപിയായും ക്രൈംബ്രാഞ്ച് മേധാവിയായും നിയമിച്ചത്. സര്‍വീസ് റെക്കോഡുകള്‍ പരിശോധിച്ചാല്‍ ക്രമസമാധാന പാലനത്തിലും നീതി നടപ്പാക്കുന്നതിലും ഗുരുതരമായ വീഴ്ചയാണ് ശ്രീജിത്തിന്റെ ഭാഗത്തു നിന്നും രേഖപ്പെടുത്തിയിരിക്കുന്നത്. അത്തരത്തിലുള്ള ഉദ്യോഗസ്ഥനെ നിയമപാലനത്തിന്റെ തലപ്പത്ത് നിയോഗിക്കുന്നത് ആശാസ്യകരമല്ല.

    മാത്രമല്ല, ഹിന്ദുത്വ ഫാഷിസത്തിനെതിരാണെന്ന് നാടുനീളെ പറയുകയും ആര്‍എസ്എസിന് പച്ചപ്പരവതാനി വിരിക്കുകയും ചെയ്യുന്ന പിണറായി സര്‍ക്കാരിന്റെ ഇരട്ടത്താപ്പും മനസ്സിലാക്കേണ്ടതുണ്ട്. അടുത്തിടെ പാലക്കാട് നഗരസഭയില്‍ ജയ് ശ്രീറാം ബാനര്‍ തൂക്കിയതുള്‍പ്പടെ ആര്‍എസ്എസുകാര്‍ പ്രതികളായ കേസുകളില്‍ പിണറായി സര്‍ക്കാര്‍ സ്വീകരിച്ച മൃദുസമീപനം ഇടതു സര്‍ക്കാരിന്റെ വിശ്വാസ്യത തകര്‍ക്കുന്നതാണ്. സവര്‍ണ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ച് ന്യൂനപക്ഷ വിരുദ്ധ നിലപാട് കൈക്കൊള്ളുന്ന ഇടതു സര്‍ക്കാരിന്റെ ഇത്തരം സമീപനങ്ങള്‍ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളി തന്നെയാണ്. ആര്‍ജ്ജവമുണ്ടെങ്കില്‍ പാലത്തായി പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കുകയും പ്രതിയായ ആര്‍എസ്എസ് നേതാവിനെ സംരക്ഷിക്കുന്ന നിലപാടില്‍ നിന്നു പിന്നോട്ടു പോവുകയുമാണ് പിണറായി സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും എ അബ്ദുല്‍ സത്താര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

S Sreejith's promotion: Pinarayi government's challenge to the victims - Popular Front

Tags: