എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ വീട് നിര്‍മാണം തടഞ്ഞു

Update: 2020-05-15 12:02 GMT

മൂന്നാര്‍: ഭൂമിക്ക് മതിയായ പട്ടയരേഖകള്‍ ഹാജരാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്റെ വീട് നിര്‍മാണം ദേവികുളം സബ് കലക്ടര്‍ തടഞ്ഞു. മൂന്നാര്‍ ഇക്കാ നഗറിലെ വീടിന്റെ രണ്ടാം നിലയുടെ നിര്‍മാണത്തിനാണ് സ്‌റ്റോപ്പ് മെമ്മോ നല്‍കിയത്. വീട് നിര്‍മാണത്തിന് റവന്യൂ വകുപ്പിന്റെ എന്‍ഒസി ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.

    ഇക്കാ നഗറില്‍ രാജന്‍ സക്കറിയ എന്നയാളുടെ പേരിലുള്ള എട്ട് സെന്റ് സ്ഥലത്താണ് എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ വീടുള്ളത്. നേരത്തേ തന്നെ സ്ഥലം സംബന്ധിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനിടെ വീണ്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് അന്വേഷണം നടത്താന്‍ വില്ലേജ് ഓഫിസര്‍ക്ക് ദേവികുളം സബ് കലക്ടര്‍ ഉത്തരവ് നല്‍കി. ഇതുപ്രകാരം ഇന്നലെ വില്ലേജ് ഓഫിസര്‍ സ്ഥലത്തെത്തിയാണ് നിര്‍മാണം തടഞ്ഞുകൊണ്ടുള്ള നോട്ടീസ് നല്‍കിയത്. വീട് നിര്‍മാണത്തിന് റവന്യ വകുപ്പിന്റെ എന്‍ഒസി ഉണ്ടെന്നാണ് എംഎല്‍എ വാദിച്ചിരുന്നത്. എന്നാല്‍ എന്‍ഒസി ഉള്‍പ്പെടെയുള്ള രേഖകള്‍ സമര്‍പ്പിക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും എസ് രാജേന്ദ്രന്‍ എംഎല്‍എയ്ക്ക് സമര്‍പ്പിക്കാനായിരുന്നില്ല.


Tags: