എന്നെ അപമാനിച്ച് പുറത്താക്കുകയാണ് പാര്‍ട്ടി ചെയ്തത്: എസ് രാജേന്ദ്രൻ

ചായക്കടയില്‍വെച്ച് ആരെങ്കിലും ഗൂഢാലോചന നടത്തുമോ? ചായക്കട എന്താ സ്വന്തമായി എടുത്തിരിക്കുകയാണോ?

Update: 2021-12-30 07:01 GMT

ദേവികുളം: സിപിഎമ്മുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്നുവെന്ന് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. തന്നെ അപമാനിച്ച് പുറത്താക്കുകയാണ് പാര്‍ട്ടി ചെയ്തത്. ആരോപണങ്ങളില്‍ താന്‍ വിശദീകരണം നല്‍കിയിരുന്നു. തന്റെ വിശദീകരണം അംഗീകരിച്ച് അംഗത്വത്തില്‍ നിലനിര്‍ത്താമായിരുന്നു. നിലവിലെ ദേവികുളം എംഎല്‍എ രാജയെ തോല്‍പിക്കാന്‍ ചായക്കടയില്‍വെച്ച് ഗൂഢാലോചന നടത്തി എന്ന പാര്‍ട്ടി കമ്മിഷന്റെ കണ്ടെത്തല്‍ അടിസ്ഥാനരഹിതമാണെന്നും രാജേന്ദ്രന്‍ പ്രതികരിച്ചു.

വിശദീകരണം ചോദിച്ചിട്ട് കൊടുത്തില്ല എന്ന ആരോപണം തെറ്റാണ്. മറുപടിക്കത്ത് കൊടുത്തു. അതിന്റെ അക്‌നോളജ്‌മെന്റ് രേഖ കൈവശമുണ്ട്. രജിസ്റ്റേര്‍ഡ് പോസ്റ്റ് ആയി ജില്ലാ കമ്മിറ്റിക്കാണ് അയച്ചത്. ചായക്കടയില്‍വെച്ച് ആരെങ്കിലും ഗൂഢാലോചന നടത്തുമോ? ചായക്കട എന്താ സ്വന്തമായി എടുത്തിരിക്കുകയാണോ?, രാജേന്ദ്രന്‍ ചോദിച്ചു.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സ്വാഗതം ചെയ്തിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് സിപിഐ മോശം പാര്‍ട്ടി ഒന്നും അല്ലല്ലോ എന്നായിരുന്നു രാജേന്ദ്രന്റെ മറുപടി. ഞങ്ങളുടെ പാര്‍ട്ടിക്ക് ഒപ്പം നില്‍ക്കുന്ന പാര്‍ട്ടിയല്ലേ എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, നാല്‍പ്പത് വര്‍ഷം അധ്വാനിച്ചത് ഒരു പാര്‍ട്ടിക്കു വേണ്ടിയാണ്. ഇവിടെ അധ്വാനിച്ചിട്ട് വേറൊരു ഓഫീസില്‍ പോയിട്ടാണോ ആനുകൂല്യം പറ്റുകയെന്നും രാജേന്ദ്രന്‍ ചോദിച്ചു. ജീവിക്കാന്‍ വേണ്ടി പാര്‍ട്ടിയില്‍ വന്ന ആളല്ല. ഗവണ്‍മെന്റ് പോസ്റ്റില്‍ നിന്ന് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ വന്നയാളാണെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഎം ഇടുക്കി ജില്ലാ സമ്മേളനം കുമളിയില്‍ വെച്ചാണ് നടക്കുന്നത്. ഈ സമ്മേളനത്തില്‍ രാജേന്ദ്രന്‍ പങ്കെടുത്തേക്കില്ല. രാജേന്ദ്രന്‍ ഉള്‍പ്പെടുന്ന മറയൂര്‍ ഏരിയാ കമ്മിറ്റി സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. ദേവികുളത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എ രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചതിന് മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയോ സസ്‌പെന്‍ഡുചെയ്യുകയോ വേണമെന്നാണ് സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി ശുപാര്‍ശ നല്‍കിയിരിക്കുന്നത്. ജില്ലാ കമ്മിറ്റിയംഗമായ രാജേന്ദ്രനെതിരേ നടപടി ആവശ്യപ്പെട്ട് സംസ്ഥാന കമ്മിറ്റിക്ക് കത്തുനല്‍കിയെന്നാണ് അറിയുന്നത്.