വയലാര്‍ പുരസ്‌കാരം എസ് ഹരീഷിന്; 'മീശ' നോവലിനാണ് അവാര്‍ഡ്

Update: 2022-10-08 07:55 GMT

തിരുവനന്തപുരം: 46ാമത് വയലാര്‍ പുരസ്‌കാരത്തിന് എഴുത്തുകാരന്‍ എസ് ഹരീഷ് അര്‍ഹനായി. മീശ എന്ന നോവലിനാണ് അവാര്‍ഡ്. ഒരു ലക്ഷം രൂപയും വെങ്കലത്തില്‍ നിര്‍മ്മിച്ച പ്രതിമയും അടങ്ങുന്നതാണ് പുരസ്‌കാരം. സാറാ ജോസഫ്, ഡോ.വി ജെ ജെയിംസ്, ഡോ. വി രാമന്‍കുട്ടി എന്നിവരടങ്ങുന്നതാണ് ജൂറി.ഒക്ടോബര്‍ 27 വയലാര്‍ ചരമദിനത്തിന് അവാര്‍ഡ് സമര്‍പ്പണം നടക്കും.

വ്യത്യസ്തമായ രചനാ മികവ് പുലര്‍ത്തിയ പുസ്തകം രചനാ രീതിയിലും ഘടനയിലും വലിയ മാറ്റം കൊണ്ടുവന്നുവെന്നും സ്വാതന്ത്ര്യത്തിന്റെ രീതി സ്വീകരിച്ച ശൈലി വായനക്കാരന് മികച്ച ഒരു വായനാനുഭവം നല്‍കുന്നുവെന്നും ജൂറി നിരീക്ഷിച്ചു. ഹരീഷിന്റെ ആദ്യത്തെ നോവലാണ് മീശ. അരനൂറ്റാണ്ട് മുമ്പുള്ള കേരളീയ ജാതിജീവിതത്തെ ദലിത് പശ്ചാത്തലത്തില്‍ ആവിഷ്‌കരിക്കുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു വരവേ, സംഘപരിവാര്‍ സംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. പ്രസിദ്ധീകരണം നിര്‍ത്തിയ നോവല്‍ 2018ല്‍ ഡി.സി ബുക്‌സ് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരങ്ങളിലൊന്നായ ജെസിബി പുരസ്‌കാരവും ഈ നോവലിന് ലഭിച്ചിരുന്നു.