പക്ഷിയിടിച്ചു; പാടത്ത് എമര്‍ജന്‍സി ലാന്റിങ് നടത്തി റഷ്യന്‍ വിമാനം

മോസ്‌കോയുടെ തെക്ക്കിഴക്കന്‍ ഭാഗത്താണ് യൂറല്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് 321 വിമാനം സുരക്ഷിതമായി ലാന്റിങ് നടത്തിയത്.

Update: 2019-08-15 19:25 GMT

മോസ്‌കോ: 233 യാത്രക്കാരുമായി പറന്നുയര്‍ന്ന റഷ്യന്‍ എയര്‍ബസ് വിമാനം പക്ഷിയിടിച്ചതിനെ തുടര്‍ന്ന് പാടത്ത് എമര്‍ജന്‍സി ലാന്റിങ് നടത്തി. മോസ്‌കോയുടെ തെക്ക്കിഴക്കന്‍ ഭാഗത്താണ് യൂറല്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് 321 വിമാനം സുരക്ഷിതമായി ലാന്റിങ് നടത്തിയത്. വ്യാഴാഴ്ച രാവിലെ മോസ്‌കോയിലെ സുകോവ്‌സ്‌കി വിമാനത്തവളത്തില്‍ നിന്ന് ക്രൈമിയയിലേക്ക് പോയ വിമാനത്തിലാണ് പക്ഷിയിടിച്ചത്.

റണ്‍വേയില്‍ നിന്ന് ഒരു കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ വിമാനത്തില്‍ പക്ഷി ഇടിക്കുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ കൃഷിപ്പാടത്ത് അടിയന്തിര ലാന്‍ഡിങ് നടത്തുകയായിരുന്നു. പ്രവര്‍ത്തിപ്പിക്കുന്നതിനിടെ നിന്നുപോയ എഞ്ചിനുമായാണ് വിമാനം പാടത്ത് ലാന്‍ഡ് ചെയ്തത്. വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ 23 യാത്രക്കാര്‍ക്ക് പരിക്കേറ്റതായി റഷ്യന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാള്‍ക്ക് മാത്രമാണ് സാരമായ പരിക്കുള്ളത്. 41 കാരനായ ദാമിര്‍ യൂസുപോവായിരുന്നു വിമാനത്തിന്റെ പൈലറ്റ്.

അപകടഘട്ടത്തിലും മനസാന്നിദ്ധ്യം കൈവിടാതെ വിമാനം സുരക്ഷിതമായി ഇറക്കിയ പൈലറ്റിന് ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്ന് അഭിനന്ദന സന്ദേശങ്ങള്‍ പ്രവഹിക്കുകയാണ്. റൊമന്‍സ്‌കിലെ മഹത്ഭുതം എന്നാണ് റഷ്യന്‍ മാധ്യമങ്ങള്‍ സംഭവത്തെ വിശേഷിപ്പിച്ചത്.പൈലറ്റ് ദാമിര്‍ യൂസുപവ് വീര നായകനാണെന്ന് റഷ്യന്‍ മാധ്യമമായ പ്രാവ്ദ വിശേഷിപ്പിച്ചു.സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.

Tags:    

Similar News