മൂന്നാംലോക യുദ്ധമുണ്ടായാല്‍ ആണവപ്പോര്; ഭീഷണി ആവര്‍ത്തിച്ച് റഷ്യന്‍ മന്ത്രി

മൂന്നാം ലോക മഹായുദ്ധത്തില്‍ ആണവായുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങളാണ് ഉണ്ടാവുകയെന്നും, അത് എല്ലാത്തിനെയും തകര്‍ക്കുമെന്നുമാണ് ലാവ്‌റോവിന്റെ ഭീഷണി.

Update: 2022-03-02 12:29 GMT

മോസ്‌കോ: യുക്രെയ്‌നില്‍ യുദ്ധം മുറുകുന്നതിനിടെ അണ്വായുധ ഭീഷണി ആവര്‍ത്തിച്ച് റഷ്യ. മൂന്നാംലോകമഹായുദ്ധമുണ്ടായാല്‍ അത് വിനാശകരമായ ആണവയുദ്ധമായിരിക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കി. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് ആണ് മുന്നറിയിപ്പ് നല്‍കിയത്. മൂന്നാം ലോക മഹായുദ്ധത്തില്‍ ആണവായുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങളാണ് ഉണ്ടാവുകയെന്നും, അത് എല്ലാത്തിനെയും തകര്‍ക്കുമെന്നുമാണ് ലാവ്‌റോവിന്റെ ഭീഷണി.

ആണവായുധ ശേഷി കൈവരിക്കാന്‍ യുക്രെയ്‌നെ റഷ്യ അനുവദിക്കില്ലെന്നും ലാവ്‌റോവ് പറഞ്ഞു.

യുക്രെയ്ന്‍ ആണവായുധം ആര്‍ജിക്കുന്നത് റഷ്യയ്ക്ക് അങ്ങേയറ്റം അപകടകരമാണ്. തങ്ങളെ ഒറ്റപ്പെടുത്തി പരാജയപ്പെടുത്താമെന്ന് കരുതേണ്ടെന്നും റഷ്യന്‍ വിദേശകാര്യമന്ത്രി മുന്നറിയിപ്പ് നല്‍കി. സമാധാനചര്‍ച്ചകള്‍ക്ക് വിഘാതം സൃഷ്ടിക്കുന്നത് അമേരിക്കയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അമേരിക്ക യുക്രെയ്‌നെ ചര്‍ച്ചയില്‍ നിന്നും പിന്തിരിപ്പിക്കുകയാണ്. ക്രൈമിയ വിഷയത്തില്‍ ഇനി ചര്‍ച്ചയില്ല. ക്രൈമിയ വിട്ടുകൊടുത്തുകൊണ്ട് യുക്രെയ്‌നുമായി ധാരണ ഉണ്ടാക്കില്ല. യുക്രെയ്‌നിലെ ഭരണകൂടം എല്ലാ വിഭാഗങ്ങളേയും ഉള്‍ക്കൊള്ളുന്നതാകണമെന്നും ലാവ്‌റോവ് പറഞ്ഞു.

Tags: