യുക്രെയ്നെതിരായ ആക്രമം കടുപ്പിക്കാൻ സൈന്യത്തോട് റഷ്യ

ബെലാറസിൽ ചർച്ച നടത്താനുള്ള നിർദേശം യുക്രെയ്ൻ ലംഘിച്ചുവെന്നാണ് റഷ്യ പറയുന്നത്. സമവായത്തിന് തയ്യാറാകാതെ യുക്രെയ്ൻ പോരാട്ടം നീട്ടിക്കൊണ്ട് പോയെന്നും കുറ്റപ്പെടുത്തൽ ഉണ്ട്.

Update: 2022-02-26 17:57 GMT

കീവ്: യുക്രെയ്നിൽ യുദ്ധം കനക്കുന്നു. ആക്രമണം രൂക്ഷമാക്കാൻ റഷ്യ സൈനിക‌‌ർക്ക് നി‌ർദേശം നൽകി. എല്ലാ വശങ്ങളിൽ നിന്നും ആക്രമിക്കാനാണ് റഷ്യൻ പ്രതിരോധമന്ത്രാലയം സൈനികർക്ക് നൽകിയിരിക്കുന്ന നി‌‌‌ർദേശം. കീവിലുള്ള യുക്രെയ്ൻ നേതൃത്വം ച‌ർച്ചയ്ക്ക് തയ്യാറാകാത്തതിനാലാണ് സൈന്യത്തിന് പുതിയ നി‌‌ർദേശം നൽകിയിരിക്കുന്നതെന്നാണ് റഷ്യൻ പ്രതിരോധമന്ത്രാലയം വ്യക്തമാക്കുന്നത്.

ബെലാറസിൽ ചർച്ച നടത്താനുള്ള നിർദേശം യുക്രെയ്ൻ ലംഘിച്ചുവെന്നാണ് റഷ്യ പറയുന്നത്. സമവായത്തിന് തയ്യാറാകാതെ യുക്രെയ്ൻ പോരാട്ടം നീട്ടിക്കൊണ്ട് പോയെന്നും കുറ്റപ്പെടുത്തൽ ഉണ്ട്. റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്‍റേതാണ് വിശദീകരണം. അതേസമയം, തിങ്കളാഴ്ച രാവിലെ വരെ കീവ് നഗരത്തിൽ കർഫ്യൂ ഏർപ്പെടുത്തി. കീവ് നഗരത്തിൽ രാത്രിയും പകലും കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ് അധികൃതർ. റഷ്യൻ സേന നഗരത്തിൽ കടന്നതിനാലാണ് പുതിയ തീരുമാനം.

സുരക്ഷാ, പ്രതിരോധ മേഖലകളിൽ നെതർലാൻഡ് പിന്തുണ അറിയിച്ചെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. യുദ്ധത്തിനെതിരായ കൂട്ടായ്മ ലക്ഷ്യം കാണും എന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

റഷ്യ ആക്രമണം അവസാനിപ്പിക്കണം എന്ന് യുക്രൈൻ വിദേശ കാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. സുമിയിൽ ഷെല്ലാക്രമണം തുടരുകയാണ്. തങ്ങളുടെ ആക്രമണത്തിൽ റഷ്യയുടെ എസ് യു 30 യുദ്ധവിമാനം കരിങ്കടലിൽ തകർന്നു വീണതായി യുക്രെയ്ൻ അവകാശപ്പെട്ടു. യുക്രൈനിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് തടസം നേരിടുന്നുണ്ട്. അതേസമയം, ആയുധ കരാർ ഉള്ള രാജ്യങ്ങൾക്ക് ആയുധം നൽകാൻ ജർമ്മനി അനുമതി നൽകി.