പതിമൂന്നാം ദിവസവും റഷ്യ യുക്രെയ്ന് മേലുള്ള യുദ്ധം തുടരുന്നു

ഇതിനിടെ പടിഞ്ഞാറൻ മാധ്യമങ്ങളുടെ 'വ്യാജ' വാർത്തകൾ ചെറുക്കാനെന്ന പേരിൽ അമേരിക്കൻ സാമൂഹിക മാധ്യമങ്ങൾക്ക് മേൽ നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ് റഷ്യ.

Update: 2022-03-08 02:06 GMT

യുക്രെയ്ൻ: മൂന്നാംവട്ട ചർച്ചയും പരാജയപ്പെട്ട സാഹചര്യത്തിൽ പതിമൂന്നാം ദിവസവും റഷ്യ യുക്രെയ്ന് മേലുള്ള യുദ്ധം തുടരുകയാണ്. ആക്രമണത്തിൽ ഒരിഞ്ച് വീഴ്ചക്ക് റഷ്യ തയാറായിട്ടില്ല. അതേസമയം യുക്രെയ്ൻ റഷ്യ സമാധാന ചർച്ച ഇനിയും തുടരും. മാനുഷിക ഇടനാളി വഴിയുള്ള ഒഴിപ്പിക്കലും തുടരും. തിങ്കളാഴ്ച്ച നടന്ന ചർച്ചയിലും പ്രശ്നപരിഹാരമായില്ല.

ഇതിനിടെ പടിഞ്ഞാറൻ മാധ്യമങ്ങളുടെ 'വ്യാജ' വാർത്തകൾ ചെറുക്കാനെന്ന പേരിൽ അമേരിക്കൻ സാമൂഹിക മാധ്യമങ്ങൾക്ക് മേൽ നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ് റഷ്യ. ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തിട്ടുണ്ട്. ട്വിറ്റ‌റിന് നിയന്ത്രണങ്ങളും. എന്നാൽ റഷ്യയിലെ എറ്റവും ജനപ്രിയമായ സാമൂഹിക മാധ്യമം വി കോണ്ടാക്ട് ആണ്.

അതേസമയം റഷ്യ യുക്രെയ്നിനെതിരേ പുതിയ ആരോപണങ്ങളുമായി രംഗത്തുവന്നു. ലോകത്തെ തന്നെ നശിപ്പിക്കാന്‍ ശേഷിയുള്ള അണുബോംബിന്റെ നിര്‍മാണത്തിന്റെ വക്കിലാണ് യുക്രെയ്ന്‍ എന്നാണ് പുതിയ പ്രചാരണം. റഷ്യയിലെ പ്രമുഖരായ മൂന്ന് വാര്‍ത്താ ഏജന്‍സികളാണ് ഇത്തരമൊരു പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത്.

റഷ്യയിലെ ടാസ്, ആര്‍ഐഎ, ഇന്റര്‍ഫാക്‌സ് എന്നീ വാര്‍ത്താ ഏജന്‍സികളാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ആണവ ദുരന്തമുണ്ടായ ചെര്‍ണോബില്‍ കേന്ദ്രമായി യുക്രെയ്ന്‍ അപകടകരമായ രീതിയില്‍ ആണവായുധം ഉണ്ടാക്കുന്നു എന്നാണ് റിപോര്‍ട്ടുകളില്‍ പറയുന്നത്.

ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ യുക്രെയ്നിലെ സൈനിക നടപടികള്‍ അവസാനിപ്പിക്കാമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിൻ ഇന്നലെ പറഞ്ഞിരുന്നു. റഷ്യക്കെതിരായ പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം യുദ്ധ പ്രഖ്യാപനത്തോട് പുടിന്‍ ഉപമിക്കുകയും ചെയ്തിരുന്നു.