നാറ്റോ തിരിച്ചടിച്ചേക്കും; മുന്നറിയിപ്പ് ലഭിക്കുന്നവർ അടുത്ത അഭയ കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് ഇന്ത്യൻ എംബസി

അതേസമയം സൈനിക നിയമത്തിന് കീഴിലായതിനാൽ യുക്രെയ്നിൽ ആളുകളുടെ സഞ്ചാരം ഇപ്പോൾ ബുദ്ധിമുട്ടാണെന്നും എയർ സൈറണുകളും മുന്നറിയിപ്പുകളും കേൾക്കുന്നവർ സമീപത്തുള്ള ബോംബ് ഷെൽട്ടറുകൾ കണ്ടെത്തണമെന്ന് കീവിലെ ഇന്ത്യൻ എംബസി അവിടെയുള്ള ഇന്ത്യക്കാർക്ക് പുതിയ നിർദേശം നൽകി.

Update: 2022-02-24 13:17 GMT

കീവ്: റഷ്യ യുക്രെയ്‌നിൽ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ നാറ്റോ സഖ്യത്തിന്റെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് കൂടുതൽ നടപടികൾ കൈക്കൊള്ളുമെന്ന് നാറ്റോ. നാറ്റോയുടെ 30 അംഗരാജ്യങ്ങളുടെ അടിയന്തര ഉച്ചകോടിയിലാണ് തീരുമാനം.

ഷെല്ലാക്രമണത്തില്‍ തങ്ങളുടെ 40 സെനികരും പത്തോളം സാധാരണക്കാരും കൊല്ലപ്പെട്ടതിന് പിന്നാലെ പ്രസിഡന്റ് വ്ളോദിമിര്‍ സെലെന്‍സ്‌കി റഷ്യയുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചെന്ന് അറിയിപ്പ് നൽകിയതിന് പിന്നാലെയാണ് നാറ്റോ തീരുമാനം പുറത്തുവന്നിരിക്കുന്നത്.

അതേസമയം സൈനിക നിയമത്തിന് കീഴിലായതിനാൽ യുക്രെയ്നിൽ ആളുകളുടെ സഞ്ചാരം ഇപ്പോൾ ബുദ്ധിമുട്ടാണെന്നും എയർ സൈറണുകളും മുന്നറിയിപ്പുകളും കേൾക്കുന്നവർ സമീപത്തുള്ള ബോംബ് ഷെൽട്ടറുകൾ കണ്ടെത്തണമെന്ന് കീവിലെ ഇന്ത്യൻ എംബസി അവിടെയുള്ള ഇന്ത്യക്കാർക്ക് പുതിയ നിർദേശം നൽകി.

'ചില സ്ഥലങ്ങളിൽ എയർ സൈറൺ/ബോംബ് മുന്നറിയിപ്പുകൾ കേൾക്കുന്നുണ്ടെന്ന് ഞങ്ങൾക്കറിയാം. നിങ്ങൾക്ക് അത്തരമൊരു സാഹചര്യം നേരിടേണ്ടി വന്നാൽ, ഗൂഗിൾ മാപ്പിൽ സമീപത്തുള്ള ബോംബ് ഷെൽട്ടറുകളുടെ ഒരു ലിസ്റ്റ് ഉണ്ടാവും. അവയിൽ പലതും ഭൂഗർഭ മെട്രോകളിലാണ് സ്ഥിതിചെയ്യുന്നത്' നിർദേശങ്ങളിൽ പറയുന്നു.

'ദയവായി നിങ്ങളുടെ ചുറ്റുപാടുകളെക്കുറിച്ച് ബോധ്യത്തോടെയിരിക്കുക, സുരക്ഷിതരായിരിക്കുക, ആവശ്യമില്ലെങ്കിൽ നിങ്ങളുടെ വീടുകൾ വിട്ടുപോകരുത്, എല്ലായ്‌പ്പോഴും നിങ്ങളുടെ രേഖകൾ നിങ്ങളോടൊപ്പം സൂക്ഷിക്കണമെന്നും നിർദേശങ്ങളിൽ അടിവരയിടുന്നു.