റഷ്യയുമായി ബലാറസില്‍ വച്ച് ചര്‍ച്ചയ്ക്ക് ഇല്ലെന്ന് സെലെന്‍സ്‌കി

യുക്രെയ്ന്‍ തലസ്ഥാനമായ കീവ് പിടിച്ചടക്കാന്‍ ശക്തമായ ആക്രമണം തുടരുകയാണ് റഷ്യ. സൈനിക കേന്ദ്രങ്ങള്‍ക്കും ജനവാസ മേഖളകളിലും മിസൈലാക്രമണം നടക്കുന്നതായാണ് റിപോര്‍ട്ടുകള്‍.

Update: 2022-02-27 10:58 GMT

കീവ്: ബലാറസില്‍ വച്ച് ചര്‍ച്ച നടത്താമെന്നുള്ള റഷ്യയുടെ വാഗ്ദാനം യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലെന്‍സ്‌കി നിരസിച്ചതായി അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. യുക്രെയ്‌നെതിരേ രോക്ഷം കാണിക്കാത്ത സ്ഥലങ്ങളില്‍ വച്ച് താന്‍ ചര്‍ച്ചയ്ക്ക് തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ബലാറസില്‍ നിന്ന് ആക്രമിച്ചില്ലായിരുന്നെങ്കില്‍ മിന്‍സ്‌കില്‍ വച്ച് ചര്‍ച്ച സാധ്യമായേനെ എന്നും സെലെന്‍സ്‌കി കൂട്ടിച്ചേര്‍ത്തു

യുക്രെയ്‌നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കീവിലേക്ക് റഷ്യന്‍ സൈന്യം കടന്നതായി യുെ്രെകന്‍ അഭ്യന്തര മന്ത്രാലയം അറിയിച്ചു. യുക്രെയ്ന്‍ സൈന്യവും റഷ്യന്‍ സൈന്യവുമായി നിരത്തുകളില്‍ പോരാട്ടം നടക്കുകയാണെന്നാണ് വിവരം. ജനങ്ങളോട് വീടിന് പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. റഷ്യന്‍ സൈനികരെ വെടിവെച്ചിടാനും നിര്‍ദേശമുണ്ട്.

യുക്രെയ്ന്‍ തലസ്ഥാനമായ കീവ് പിടിച്ചടക്കാന്‍ ശക്തമായ ആക്രമണം തുടരുകയാണ് റഷ്യ. സൈനിക കേന്ദ്രങ്ങള്‍ക്കും ജനവാസ മേഖളകളിലും മിസൈലാക്രമണം നടക്കുന്നതായാണ് റിപോര്‍ട്ടുകള്‍. എന്നാല്‍ പ്രതിരോധം തുടരുകയാണ് യുക്രെയ്ന്‍. റഷ്യന്‍ വിമാനങ്ങള്‍ തകര്‍ത്തതായി യുക്രെയ്ന്‍ അവകാശപ്പെട്ടു.

കൂടുതല്‍ രാജ്യങ്ങള്‍ യുക്രെയ്‌ന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. യുക്രെയ്‌ന് ആയുധസഹായം നല്‍കുമെന്ന് ജര്‍മനി വാഗ്ദാനം ചെയ്തു. സൈനിക വാഹനങ്ങള്‍ തകര്‍ക്കാന്‍ ശേഷിയുള്ള ആയുധങ്ങളായിരിക്കും ആദ്യ ഘട്ടത്തില്‍ നല്‍കുക. പ്രതിരോധ പോരാട്ടത്തില്‍ യുക്രെയ്‌നെ പിന്തുണയ്ക്കുന്നത് തുടരുമെന്ന് നാറ്റോയും വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം കീവില്‍ കനത്ത കര്‍ഫ്യു തുടരുകയാണ്. കര്‍ഫ്യൂ സമയം വൈകുന്നേരം അഞ്ച് മണി മുതല്‍ രാവിലെ എട്ട് വരെ തുടരുമെന്ന് കീവ് മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്‌കോ അറിയിച്ചിരിക്കുന്നത്. കര്‍ഫ്യൂ സമയത്ത് തെരുവിലുള്ള എല്ലാ സിവിലിയന്മാരെയും ശത്രു രാജ്യത്തിന്റെ അട്ടിമറി, രഹസ്യാന്വേഷണ ഗ്രൂപ്പുകളിലെ അംഗങ്ങളായി കണക്കാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതുവരെ റഷ്യന്‍ അധിനിവേശത്തില്‍ 198 പേര്‍ കൊല്ലപ്പെടുകയും 1000 ത്തിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി യുക്രെയ്ന്‍ ആരോഗ്യമന്ത്രി വിക്ടര്‍ ലിയാഷ്‌കോ. മരിച്ചവരില്‍ മൂന്ന് കുട്ടികളും ഉണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. സൈനികര്‍ ഉള്‍പ്പെടെയുള്ള കണക്കാണോ ഇതെന്ന് വ്യക്തമല്ല.

കീവിനെ വളഞ്ഞിട്ട് റഷ്യ ആക്രമിക്കുമ്പോഴും രാജ്യത്തിന് പ്രതീക്ഷ നല്‍കുന്ന തരത്തിലായിരുന്നു പ്രസിഡന്റ് വ്‌ലാദിമിര്‍ സെലെന്‍സ്‌കിയുടെ പ്രതികരണം. 'ഇത് നമ്മുടെ ഭൂമിയാണ്, നമ്മുടെ രാജ്യം, നമ്മുടെ കുട്ടികള്‍. ഞങ്ങള്‍ അതിനെയെല്ലാം സംരക്ഷിക്കും, നമ്മള്‍ വിജയിക്കും. എതിരാളികളുടെ വ്യാമോഹം നടക്കില്ല' അദ്ദേഹം ഒരു വീഡിയോയില്‍ പറഞ്ഞു.

വ്യാഴാഴ്ച രാവിലെയായിരുന്നു റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ യുക്രെയ്‌നിലേക്ക് സൈനിക നീക്കത്തിന് ഉത്തരവിട്ടത്. തൊട്ടുപിന്നാലെ തന്നെ യുക്രെയ്‌നിലെ പല മേഖലകളില്‍ മിസൈല്‍ ആക്രമണമുണ്ടായി. തുടര്‍ന്ന് റഷ്യന്‍ സൈന്യം അതിര്‍ത്തികള്‍ വഴി യുക്രെയ്‌നിലേക്ക് പ്രവേശിക്കുകയും ആക്രമണം കൂടുതല്‍ ശക്തമാക്കുകയുമായിരുന്നു.