റഷ്യന്‍ പിന്തുണയുള്ള മാധ്യമങ്ങള്‍ക്ക് പരസ്യവരുമാനം നല്‍കില്ല; ബഹിഷ്‌കരണവുമായി ഗൂഗിളും യൂ ട്യൂബും

Update: 2022-02-27 06:48 GMT

കാലഫോര്‍ണിയ: ഉക്രെയ്‌നെതിരായ റഷ്യന്‍ സൈനിക നടപടിയില്‍ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഗൂഗിളും യൂ ട്യൂബും. റഷ്യന്‍ പിന്തുണയുള്ള മാധ്യമങ്ങള്‍ക്ക് പരസ്യവരുമാനം നല്‍കില്ലെന്ന് ഗൂഗിളും യൂ ട്യൂബും വ്യക്തമാക്കി. റഷ്യയിലെ യൂ ട്യൂബ് ചാനലുകള്‍ക്ക് നല്‍കുന്ന പരസ്യവരുമാനം യൂ ട്യൂബാണ് ആദ്യം നിര്‍ത്തിവച്ചത്. പ്രമുഖ ടെലിവിഷന്‍ നെറ്റ്‌വര്‍ക്കായ റഷ്യ ടുഡേയുടേതടക്കം റഷ്യയിലെ പ്രധാനപ്പെട്ട മുഴുവന്‍ യൂ ട്യൂബ് ചാനലുകളുടേയും വരുമാനം ഇതോടെ മരവിക്കും. റഷ്യന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള മുഴുവന്‍ ചാനലുകളുടെയും പരസ്യവരുമാനം നിര്‍ത്തലാക്കുകയാണെന്ന് യൂ ട്യൂബ് വക്താവ് ഫര്‍ഷാദ് ഷാട്‌ലൂ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.

'റഷ്യയിലെ പ്രധാനപ്പെട്ട ചില യൂ ട്യൂബ് ചാനലുകളുടെ വരുമാനം നിര്‍ത്തലാക്കുകയാണ്. അതില്‍ റഷ്യാ ടുഡേ അടക്കമുള്ള വാര്‍ത്താ ഏജന്‍സികളുടെ ചാനലുകളുണ്ട്. റഷ്യന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള മുഴുവന്‍ ചാനലുകളുടെയും പരസ്യവരുമാനം നിര്‍ത്തലാക്കും' ഫര്‍ഷാദ് ഷാട്‌ലൂ പറഞ്ഞു. റഷ്യന്‍ യൂ ട്യൂബ് ചാനലുകള്‍ക്കുള്ള വരുമാനം മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് യുക്രെയ്ന്‍ മന്ത്രി മൈകലോ ഫെഡറോവ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. 26 യൂ ട്യൂബ് ചാനലുകളില്‍നിന്ന് 32 മില്യണ്‍ വരെ വരെ വരുമാനം റഷ്യയില്‍നിന്നുള്ള യൂ ട്യൂബ് ചാനലുകള്‍ക്ക് ലഭിക്കുന്നുണ്ടെന്നാണ് കണക്കുകള്‍.

ഇതിന് പിന്നാലെയാണ് ഗൂഗിളും നിലപാട് വ്യക്തമാക്കിയത്. റഷ്യന്‍ പിന്തുണയുള്ള മാധ്യമങ്ങള്‍ക്ക് പരസ്യവരുമാനം നല്‍കില്ലെന്ന് ഗൂഗിള്‍ അറിയിച്ചു. റഷ്യന്‍ സര്‍ക്കാരിന് കീഴിലുള്ള മാധ്യമസ്ഥാപനമായ ആര്‍ടി ന്യൂസിന്റെയും മറ്റ് ചാനലുകളെയും അവരുടെ വെബ്‌സൈറ്റുകളിലും ആപ്പുകളിലും യൂട്യൂബ് വീഡിയോകളിലും പരസ്യങ്ങള്‍ പ്ലേസ് ചെയ്യുന്നത് ഗൂഗിള്‍ വിലക്കി. റഷ്യന്‍ പിന്തുണയുള്ള മാധ്യമങ്ങള്‍ക്കൊന്നും പരസ്യവരുമാനം നല്‍കില്ല. പരസ്യ പ്ലേസ്‌മെന്റ് പ്രധാനമായും നിയന്ത്രിക്കുന്നത് യൂ ട്യൂബ് ആണ്.

സ്വന്തം വെബ്‌സൈറ്റുകളിലും ആപ്പുകളിലും വരുമാനമുണ്ടാക്കുന്നതിനായി തങ്ങളുടെ പരസ്യസാങ്കേതികവിദ്യ ഉപയോഗിക്കുന്നതില്‍ നിന്ന് റഷ്യന്‍ സര്‍ക്കാര്‍ ഫണ്ട് ചെയ്യുന്ന മീഡിയ ഔട്ട്‌ലെറ്റുകളെ വിലക്കുകയാണെന്നും ഗൂഗിള്‍ പിന്നീട് കൂട്ടിച്ചേര്‍ത്തു. കൂടാതെ, റഷ്യന്‍ മാധ്യമങ്ങള്‍ക്ക് ഗൂഗിള്‍ ടൂള്‍സ് വഴി പരസ്യങ്ങള്‍ വാങ്ങാനോ സെര്‍ച്ചിങ്, ജിമെയില്‍ പോലുള്ള ഗൂഗിള്‍ സേവനങ്ങളില്‍ പരസ്യങ്ങള്‍ നല്‍കാനോ കഴിയില്ലെന്ന് വക്താവ് മൈക്കല്‍ അസിമാന്‍ പറഞ്ഞു. ഞങ്ങള്‍ പുതിയ സംഭവവികാസങ്ങള്‍ സജീവമായി നിരീക്ഷിക്കുകയാണ്, ആവശ്യമെങ്കില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും,'' അസിമാന്‍ പറഞ്ഞു.

ഫേസ്ബുക്കും (മെറ്റ) നേരത്തെ റഷ്യന്‍ ചാനലുകള്‍ക്ക് പരസ്യവരുമാനം നല്‍കുന്നത് നിര്‍ത്തിവച്ചിരുന്നു. വെള്ളിയാഴ്ച യുക്രെയ്‌നിലെയും റഷ്യയിലെയും എല്ലാ പരസ്യങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്ന് ട്വിറ്റര്‍ അറിയിച്ചു. റഷ്യന്‍ ഉപഭോക്താക്കള്‍ക്കുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും വിലക്കാന്‍ ആപ്പിള്‍ മേധാവി ടിം കുക്കിനോട് യുക്രെയ്ന്‍ ഉപ പ്രധാനമന്ത്രി മിഖാലിയോ ഫെഡൊറോവ് ആവശ്യപ്പെട്ടു. റഷ്യന്‍ ഫെഡറേഷന് സേവനങ്ങളും ഉല്‍പന്നങ്ങളും നല്‍കുന്നത് ആപ്പിള്‍ അവസാനിപ്പിക്കണമെന്നും അത്തരം നടപടികള്‍ സൈനികാക്രമണം അവസാനിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കാന്‍ റഷ്യന്‍ യുവാക്കള്‍ക്കും ജനങ്ങള്‍ക്കും പ്രചോദനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News