ആര്‍എസ്എസ് ആശയത്തില്‍ വിശ്വസിക്കുന്നവരെയും ഭയപ്പെടുന്നവരെയും കോണ്‍ഗ്രസിന് ആവശ്യമില്ല; ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

Update: 2021-07-16 14:52 GMT

ന്യൂഡല്‍ഹി: ആര്‍എസ്എസ്സിന്റെ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ആവശ്യമില്ലെന്ന് മുതിര്‍ന്ന നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിന്റെ സാമൂഹമാധ്യമവിഭാഗവുമായി നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുന്നതിനിടെയാണ് രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കിയത്. പാര്‍ട്ടി വിട്ടുപോവുന്ന ഭീരുക്കളെ തടഞ്ഞുവയ്ക്കില്ലെന്നാണ് രാഹുല്‍ ഗാന്ധി തുറന്നുപറഞ്ഞത്. ഭയപ്പെടാത്ത ധാരാളം ആളുകളുണ്ട്. അവരെല്ലാം കോണ്‍ഗ്രസിന് പുറത്താണ്. അവരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരണം.

ആര്‍എസ്എസ് ആശയത്തില്‍ വിശ്വസിക്കുന്നവരെ കോണ്‍ഗ്രസിന് ആവശ്യമില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. കോണ്‍ഗ്രസില്‍നിന്ന് ബിജെപിയിലേക്ക് നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നതിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. കോണ്‍ഗ്രസിന് നിര്‍ഭയരായ നേതാക്കളെയാണ് ആവശ്യം. അതാണ് ഞങ്ങളുടെ പ്രത്യയശാസ്ത്രം. അതാണ് എന്റെ അടിസ്ഥാന സന്ദേശം. ആര്‍എസ്എസ്സിനെ ഭയപ്പെട്ട് പാര്‍ട്ടിയില്‍ കഴിയുന്നവരെ പുറത്താക്കണം. ആര്‍എസ്എസ് ആശയങ്ങളില്‍ വിശ്വസിക്കുന്നവര്‍ ദയവായി പുറത്തുപൊയ്‌ക്കോളൂ.

നിങ്ങള്‍ ആര്‍എസ്എസ്സിനൊപ്പം പോവൂ. നിങ്ങളെ പാര്‍ട്ടിക്ക് വേണ്ട. അതാണ് കോണ്‍ഗ്രസിന്റെ നിലപാട്- രാഹുല്‍ ഗാന്ധി പറഞ്ഞു. ഏറ്റവുമൊടുവില്‍ ജിതിന്‍ പ്രസാദയാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുതിര്‍ന്ന നേതാക്കളിലൊരാള്‍. നേരത്തെ ജ്യോതിരാദിത്യ സിന്ധ്യയും പാര്‍ട്ടി വിട്ടിരുന്നു. ജിതിന്‍ പ്രസാദ പാര്‍ട്ടി വിട്ടതിന് പിന്നാലെ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും പാര്‍ട്ടി വിട്ടേക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍, താന്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നാണ് സച്ചിന്‍ പൈലറ്റ് പറഞ്ഞത്.

Tags:    

Similar News