മട്ടന്നൂര്‍ : പാസ്‌പോര്‍ട്ട് സമര്‍പ്പിക്കാനുള്ള തിയ്യതി നീട്ടിയില്ലായിരുന്നുവെങ്കില്‍ ഏഴ് മാസം പ്രായമായ കുഞ്ഞിനെ നാട്ടില്‍ നിര്‍ത്തി മാതാപിതാക്കള്‍ക്ക് ഹജ്ജിന് പോകേണ്ടി വരുമായിരുന്നു. കര്‍ണ്ണാടകയില്‍ നിന്നുള്ള ഹാരിസ് ഉമര്‍ -ത്വയ്യിബ ദമ്പതികള്‍ രണ്ടാമത്തെ പെണ്‍കണ്‍മണിയെ കൂടെ ചേര്‍ത്ത് പുണ്യഭൂമിക്ക് പോകാന്‍ ഭാഗ്യം കിട്ടിയ സന്തോഷത്തിലാണ്.
കര്‍ണാടകയില്‍ അപേക്ഷ നല്‍കുമ്പോള്‍ കുഞ്ഞിന് 3 മാസം പ്രായമായിരുന്നു. കുട്ടിയുടെ പാസ്‌പോര്‍ട്ട് കിട്ടിയത് സമര്‍പ്പിക്കാനുള്ള തിയ്യതി കഴിഞ്ഞ ശേഷമാണ്. കുഞ്ഞിനെ നാട്ടിലാക്കി അല്ലാഹുവിന്റെ ആതിഥ്യം സ്വീകരിക്കാന്‍ തന്നെ അവര്‍ തീരുമാനിച്ചു. പിന്നെയാണ് പാസ്‌പോര്‍ട്ട് സമര്‍പ്പിക്കേണ്ട തിയ്യതി നീട്ടിയ വിവരം അറിഞ്ഞത്. അത് കണ്‍മണിയെ കൂടെ കൊണ്ടു പോകാന്‍ അനുഗ്രഹമായി.
കാസര്‍കോട് പാനലയില്‍ താമസിക്കുന്ന ഹാരിസ് ഉമര്‍ ഫൈനാന്‍സ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥനാണ്. ബംഗളുരുവില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ത്വയ്യിബ പ്രസവാവധി എടുത്താണ് പുണ്യഭൂമിക്ക് പോകുന്നത്. കൂടെ ഹാരിസ് ഉമറിന്റെ മാതാവ് അസ്മാബിയും ഉണ്ട്.
കണ്ണൂര്‍ എമ്പാര്‍ക്കേഷന്‍ പോയിന്റില്‍ നിന്ന് ഈ വര്‍ഷം രണ്ട് കുഞ്ഞുങ്ങളാണ് ഹജ്ജ് സംഘത്തിലുള്ളത്. ഒമ്പത് മാസം പ്രായമായ കടവത്തൂരിലെ മുഹമ്മദ് ഷാഫി കഴിഞ്ഞ ദിവസം മാതാപിതാക്കളോടൊപ്പം മക്കയിലേക്ക് പോയിരുന്നു.