പെരുന്നാൾ ദിനത്തിൽ കേരളത്തിൽ കലാപമുണ്ടാക്കാൻ ആർഎസ്എസ് ശ്രമം: പോപുലർ ഫ്രണ്ട്

തിങ്കളാഴ്ച പുലർച്ചെ സമാനമായി പാലക്കാട് വീണ്ടും പോപുലർ ഫ്രണ്ട് പ്രവർത്തകൻ്റെ വീടിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞുകൊണ്ട് പ്രകോപനം സൃഷ്ടിക്കുകയാണ് ആർഎസ്എസ് ചെയ്തിട്ടുള്ളത്.

Update: 2022-05-02 13:11 GMT

കോഴിക്കോട്: റമദാനിലെ ഒരുമാസം നീണ്ട വ്രതാനുഷ്ടാനത്തിനൊടുവിൽ മുസ്‌ലിംകൾ പെരുന്നാൾ ആഘോഷിക്കുന്ന ദിനത്തിലും കേരളത്തിൽ കലാപമുണ്ടാക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ പറഞ്ഞു.

ആലപ്പുഴയിലും പാലക്കാടും അടക്കമുള്ള സ്ഥലങ്ങളിൽ സമാധാനാന്തരീക്ഷം നിലനിൽക്കുന്ന സമയത്താണ് ഏകപക്ഷീയമായി മുസ്‌ലിംകളെ കൊലപ്പെടുത്തി ആർഎസ്എസ് തങ്ങളുടെ കലാപ പദ്ധതികൾക്ക് തുടക്കമിട്ടത്.

തിങ്കളാഴ്ച പുലർച്ചെ സമാനമായി പാലക്കാട് വീണ്ടും പോപുലർ ഫ്രണ്ട് പ്രവർത്തകൻ്റെ വീടിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞുകൊണ്ട് പ്രകോപനം സൃഷ്ടിക്കുകയാണ് ആർഎസ്എസ് ചെയ്തിട്ടുള്ളത്. പെരുന്നാൾ ദിനത്തെ സംഘർഷ ഭരിതമാക്കി കലാപം അഴിച്ചുവിടുകയാണ് ഇതിലൂടെ ആർഎസ്എസിൻ്റെ ലക്ഷ്യമെന്ന് വ്യക്തമാണ്.

പെരുന്നാളിനോടു അനുബന്ധിച്ച് പാലക്കാട് ആർഎസ്എസ് സംഘർഷമുണ്ടാക്കാനുള്ള സാധ്യതയുണ്ടെന്ന ഇൻ്റലിജൻസ് റിപോർട്ട് നിലനിൽക്കെത്തന്നെ ഇങ്ങനൊരു സംഭവം നടന്നത് പോലിസിൻ്റെ വീഴ്ചയാണ് ചൂണ്ടിക്കാട്ടുന്നത്. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച ആർഎസ്എസ് ക്രിമിനലുകളെ കണ്ടെത്തി തുറുങ്കിലടയ്ക്കാൻ പോലിസ് കാണിക്കുന്ന അമാന്തം ആർഎസ്എസിന് കൂടുതൽ അഴിഞ്ഞാടാൻ പ്രചോദനം നൽകുകയാണ്.

സംസ്ഥാനത്ത് ക്രമസമാധാനം നിലനിർത്താനായി ആർഎസ്എസ് ക്രിമിനലുകളെ നിലയ്ക്ക് നിർത്താൻ പോലിസ് തയാറാവണം. പോലിസ് അതിന് തയാറാവുന്നില്ലെങ്കിൽ ഇത്തരം ക്രിമിനലുകൾക്ക് എതിരെ പൊതുസമൂഹത്തെ അണിനിരത്തി ജനകീയ പ്രതിരോധം തീർക്കുമെന്ന് അദ്ദേഹം അറിയിച്ചു.