കണ്ണവത്ത് വീണ്ടും കൊലപാതകത്തിന് ആര്‍എസ്എസ് നീക്കം; സലാഹുദ്ദീന്റെ സഹോദരനെ ലക്ഷ്യമിടുന്നതായി ഇന്റലിജന്റ്‌സ് റിപോര്‍ട്ട്

ഈയിടെ നിസാമുദ്ദീന്റെ നേതൃത്വത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന വ്യാജപ്രചാരണം നടത്തുകയും നിസാമുദ്ദീന്റെ ഫോട്ടോ ഉള്‍പ്പെടെ ആര്‍എസ്എസ് ഗ്രൂപ്പുകളിലും സോഷ്യല്‍ മീഡിയയിലും പ്രചരിപ്പിച്ചതും ഇതേ ലക്ഷ്യമിട്ടാണെന്നാണ് പോലിസിന്റെ നിഗമനം.

Update: 2022-04-24 15:10 GMT

കണ്ണൂര്‍: കണ്ണവത്ത് വീണ്ടും കൊലപാതകത്തിന് ആര്‍എസ്എസ് നീക്കമെന്ന് രഹസ്യാന്വേഷണ റിപോര്‍ട്ട്. ആര്‍എസ്എസ്സുകാര്‍ കൊലപ്പെടുത്തിയ എസ്ഡിപി ഐ പ്രവർത്തകന്‍ സയ്യിദ് സ്വലാഹുദ്ദീന്റെ സഹോദരനെ ആര്‍എസ്എസ് ലക്ഷ്യമിടുന്നുവെന്ന പോലിസ് റിപോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.

പാലക്കാട് മാതൃകയില്‍ ആക്രമണത്തിനു കണ്ണൂരിലും സാധ്യതയുണ്ടെന്നു കാണിച്ച് രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപോര്‍ട്ടിലാണ് സ്വലാഹുദ്ദീന്റെ സഹോദരന്‍ നിസാമുദ്ദീന് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ഭീഷണിയുണ്ടെന്ന് വ്യക്തമാക്കുന്നത്. 2020 സപ്തംബര്‍ എട്ടിന് വൈകീട്ടാണ് എസ്ഡിപിഐ പ്രവര്‍ത്തകനായ സയ്യിദ് സ്വലാഹുദ്ദീനെ ആര്‍എസ്എസുകാര്‍ വ്യാജ വാഹനാപകടം സൃഷ്ടിച്ച് സ്വന്തം സഹോദരിമാരുടെ മുന്നില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തിയത്. സഹോദരിമാര്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന സലാഹുദ്ദീനെ ചിറ്റാരിപ്പറമ്പ് ചുണ്ടയില്‍ കാറിനു പിന്നില്‍ ബൈക്കിടിച്ചശേഷം അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ഇപ്പോള്‍ സ്വലാഹുദ്ദീന്റെ സഹോദരന്‍ നിസാമുദ്ദീനെ വധിച്ചുകൊണ്ട് വീണ്ടും മേഖലയില്‍ സംഘര്‍ഷത്തിന് കോപ്പുകൂട്ടാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നാണ് റിപോര്‍ട്ട്. ഈയിടെ നിസാമുദ്ദീന്റെ നേതൃത്വത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന വ്യാജപ്രചാരണം നടത്തുകയും നിസാമുദ്ദീന്റെ ഫോട്ടോ ഉള്‍പ്പെടെ ആര്‍എസ്എസ് ഗ്രൂപ്പുകളിലും സോഷ്യല്‍ മീഡിയയിലും പ്രചരിപ്പിച്ചതും ഇതേ ലക്ഷ്യമിട്ടാണെന്നാണ് പോലിസിന്റെ നിഗമനം.

നേരത്തേ സ്വലാഹുദ്ദീന്റേത് ഉള്‍പ്പെടെയുള്ളവരുടെ ചിത്രം അടങ്ങിയ ഫ്ലക്‌സ് ബോര്‍ഡ് വച്ച ശേഷമാണ് കൊലപാതകം നടത്തിയത്. സമാനരീതിയിലാണ് ഇപ്പോഴും വ്യാജപ്രചാരണമെന്നതും ശ്രദ്ധേയമാണ്. അതേസമയം, സ്വലാഹുദ്ദീന്‍ വധക്കേസിലെ പ്രതികളായ അശ്വിന്‍, റിഷില്‍, അമല്‍രാജ് എന്നിവര്‍ക്ക് പോപുലര്‍ ഫ്രണ്ടില്‍ നിന്നും സ്വലാഹുദ്ദീന്റെ സഹോദരങ്ങളില്‍ നിന്നും ഭീഷണിയുണ്ടെന്ന പ്രചാരണവും നടത്തുന്നുണ്ട്.