രാജ്യത്ത് ജനസംഖ്യാ നിയന്ത്രണവും എൻആർസിയും അനിവാര്യം: മോഹൻ ഭഗവത്

അടുത്ത 50 വർഷങ്ങൾ മനസിൽ വച്ചു കൊണ്ട് നമ്മൾ ഒരു നയം നിർമ്മിക്കണം. ഇത് എല്ലാവർക്കും ബാധകമായിരിക്കുകയും വേണം.

Update: 2021-10-15 06:14 GMT

ന്യൂഡൽഹി: രാജ്യത്ത് ജനസംഖ്യാ നിയന്ത്രണ നയം അനിവാര്യമാണെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവത് ആവശ്യപ്പെട്ടു. വാർഷിക ദസറ പ്രസംഗത്തിലാണ് അദ്ദേഹം ആർഎസ്എസിന്റെ മുൻ നിലപാടിൽ ഉറച്ച് നിൽക്കുന്നത്. ജനസംഖ്യാ നിയന്ത്രണ നയമുണ്ടാവില്ലെന്ന് കേന്ദ്രം വ്യക്തമാക്കുമ്പോഴും ആർഎസ്എസ് മേധാവി പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.

'ജനസംഖ്യാ വളർച്ചാ നിരക്കിലെ അസന്തുലിതാവസ്ഥയുടെ വെല്ലുവിളി' എന്ന വിഷയത്തിൽ 2015 ൽ റാഞ്ചിയിൽ നടന്ന ആർഎസ്എസിന്റെ അഖിലേന്ത്യാ നിർവാഹക സമിതി യോഗം പാസാക്കിയ പ്രമേയത്തെ പരാമർശിച്ചാണ് മോഹൻ ഭഗവത് ജനസംഖ്യാ നിയന്ത്രണ നയം വേണമെന്ന് ആവശ്യപ്പെട്ടത്. ഇതിനൊപ്പം അതിർത്തിയിൽ നിന്നുള്ള അനധികൃത നുഴഞ്ഞുകയറ്റം തടയുകയും, ദേശീയ പൗരത്വ രജിസ്റ്റർ തയ്യാറാക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം ഓർമ്മിപ്പിച്ചു.

ജനസംഖ്യാനയം എന്തിന് ആവശ്യമായി വരുന്നു എന്നതിനെ കുറിച്ചും ആർഎസ്എസ് മേധാവി സംസാരിച്ചു. ഇപ്പോൾ ജനസംഖ്യയുടെ 56-57 ശതമാനം ആളുകൾ യുവാക്കളാണ്. എന്നാൽ മുപ്പത് വർഷം കഴിയുമ്പോൾ ഇവരിൽ എത്ര പേർക്ക് നമുക്ക് ഭക്ഷണം നൽകാനാവും എന്ന് ചിന്തിക്കേണ്ടതുണ്ട്, ഇതിനൊപ്പം അന്ന് എത്ര തൊഴിലാളികളെ രാജ്യത്തിന് വേണ്ടി വരും, അതിനാൽ ഈ രണ്ട് വശങ്ങളെക്കുറിച്ചും നമ്മൾ ചിന്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇതിനായി അടുത്ത 50 വർഷങ്ങൾ മനസിൽ വച്ചു കൊണ്ട് നമ്മൾ ഒരു നയം നിർമ്മിക്കണം. ഇത് എല്ലാവർക്കും ബാധകമായിരിക്കുകയും വേണം. അതേസമയം ജനസംഖ്യാ നിയന്ത്രണ നിയമം നടപ്പിലാക്കുവാൻ യുപി ആലോചിക്കുന്നതായും റിപോർട്ടുകളുണ്ട്.

Similar News