'മോദി കളിക്കാൻ' ഒന്നിലധികം ഹെലികോപ്ടറിൽ പറന്നുനടന്ന് കോമാളിത്തം കാട്ടി; കെ സുരേന്ദ്രനെതിരേ ആർഎസ്എസ് നേതാവ്

കൊച്ചു കേരളത്തിൽ ഹെലികോപ്റ്ററിൽ പറന്നു നടന്ന് കോമാളിത്തരം കാട്ടുക. ഇ ശ്രീധരൻ എന്ന മാന്യനെ പോലും അപമാനിക്കാൻ വിടുക. ഓരോ തിരഞ്ഞെടുപ്പിലും പുതിയ മണ്ഡലങ്ങൾ തേടുന്ന ആർത്തിപിടിച്ച ഭാഗ്യാന്വേഷികൾ. ഇവർ തോൽവി അർഹിക്കുന്നു.

Update: 2021-05-03 18:40 GMT

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ആർഎസ്എസ് നേതാവ് ഇഎൻ നന്ദകുമാർ. 'മോദി കളിക്കാനായി' ബിജെപി സംസ്ഥാന അധ്യക്ഷൻ ഹെലികോപ്ടറിൽ പറന്നു നടന്ന് കോമാളിത്തം കാട്ടിയെന്നാണ് നന്ദകുമാർ കുറ്റപ്പെടുത്തിയത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

തിരഞ്ഞെടുപ്പെന്നാൽ കുട്ടിക്കളിയല്ലെന്ന് പറഞ്ഞുകൊണ്ട്, സ്ഥാനാർത്ഥി നിർണയത്തിനായി അവസാന നിമിഷം വരെ ബിജെപി കാത്തിരുന്നതിനെയും അവരിൽ ചിലരുടെ നോമിനേഷൻ തള്ളിപ്പോകുകയും ചെയ്തതിനെയും അദ്ദേഹം വിമർശിക്കുന്നു. ആർഎസ്‌എസിന്റെ പ്രസിദ്ധീകരണ വിഭാഗമായ കുരുക്ഷേത്ര ബുക്സിന്റെ ചുമതലക്കാരനും നാഷണൽ ബുക്ക്‌ ട്രസ്‌റ്റ്‌ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗവുമാണ് നന്ദകുമാർ.

കുറിപ്പ് ചുവടെ:

'തിരഞ്ഞെടുപ്പ് കുട്ടിക്കളിയല്ല. അവസാനനിമിഷം സ്ഥാനാർഥികളെ നിശ്ചയിക്കുക. നിഷ്‌ക്രിയരായ ഇവറ്റകളുടെ നോമിനേഷൻ തള്ളിപ്പോകുക. 'മോദി' കളിക്കാൻ ഒന്നിലധികം സീറ്റിൽ മൽസരിക്കുക. കൊച്ചു കേരളത്തിൽ ഹെലികോപ്റ്ററിൽ പറന്നു നടന്ന് കോമാളിത്തരം കാട്ടുക. ഇ ശ്രീധരൻ എന്ന മാന്യനെ പോലും അപമാനിക്കാൻ വിടുക. ഓരോ തിരഞ്ഞെടുപ്പിലും പുതിയ മണ്ഡലങ്ങൾ തേടുന്ന ആർത്തിപിടിച്ച ഭാഗ്യാന്വേഷികൾ. ഇവർ തോൽവി അർഹിക്കുന്നു.

അണക്കെട്ടുകൾ തുറന്നു വിട്ടയാളും സ്വർണം കള്ളക്കടത്ത് നടത്തിയെന്ന് പറയുന്നയാളും, സോളാർ അഴിമതി നടത്തുന്നവരും, പാലത്തിലും പാവപ്പെട്ടവന്റെ കിറ്റിലും വരെ വെട്ടിപ്പ് നടത്തുന്നവരും, ഒക്കെ നിങ്ങളെക്കാൾ മെച്ചമെന്നു ജനങ്ങൾ വിധിക്കുന്നുവെങ്കിൽ നിങ്ങളെത്ര കഴിവ് കെട്ടവരാണ്. മഹാരഥന്മാർ സ്വജീവൻ നൽകി വളർത്തിയെടുത്ത മഹാപ്രസ്ഥാനത്തെ കുട്ടിക്കളിയിൽ നശിപ്പിക്കല്ലേ. കഴിവതും വേഗം കളമൊഴിഞ്ഞ് നാടിനെയും പ്രസ്ഥാനത്തെയും രക്ഷിക്കൂ.

Similar News