തലശ്ശേരിയിലെ ആര്‍എസ്എസ് വിദ്വേഷ പ്രകടനം; പ്രതിഷേധക്കാര്‍ക്ക് ഉപദേശവുമായി പോലിസ്

ആര്‍എസ്എസ് പ്രകടനത്തിലെ വിദ്വേഷ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് ഇന്നു വൈകീട്ട് റാലി നടത്താന്‍ നിശ്ചയിച്ചവര്‍ക്കാണ് സിആര്‍പിസി 149 പ്രകാരം പോലിസ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

Update: 2021-12-02 09:39 GMT

കണ്ണൂര്‍: തലശ്ശേരിയില്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണ പരിപാടിയുടെ ഭാഗമായി നടന്ന റാലിക്കിടെ മുസ്‌ലിംകള്‍ക്കെതിരേ അത്യന്തം പ്രകോപനപരമായ മുദ്രാവാക്യവുമായി തെരുവിലിറങ്ങിയ ആര്‍എസ്എസ്സിനെതിരേ പ്രതിഷേധം സംഘടിപ്പിക്കുന്ന പ്രസ്ഥാനങ്ങള്‍ക്ക് ഉപദേശവുമായി പോലിസ്. ആര്‍എസ്എസ് പ്രകടനത്തിലെ വിദ്വേഷ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് ഇന്നു വൈകീട്ട് റാലി നടത്താന്‍ നിശ്ചയിച്ചവര്‍ക്കാണ് സിആര്‍പിസി 149 പ്രകാരം പോലിസ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

ഇന്നു വൈകീട്ട് നടത്താന്‍ തീരുമാനിച്ച പ്രസ്തുത പരിപാടി മൂലം സ്ഥലത്തു യാതൊരുവിധ ക്രമസമാധാന പ്രശ്‌നങ്ങളും ഉണ്ടാകാന്‍ പാടില്ലെന്നും ഈ നോട്ടീസിലെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി നടത്തുന്ന പ്രവര്‍ത്തി കൊണ്ട് ഉണ്ടാവുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് സംഘടന ഉത്തരവാദി ആയിരിക്കുമെന്നും ഉചിതമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നുമാണ് കണ്ണൂര്‍ ജില്ലാ പോലിസ് മേധാവിയുടെ പേരിലുള്ള നോട്ടിസിലുള്ളത്.

ഇന്ന് വൈകീട്ട് തലശ്ശേരിയില്‍ എസ്ഡിപിഐ, മുസ്‌ലിം ലീഗ്, ഡിവൈഎഫ്‌ഐ, സോളിഡാരിറ്റി, യൂത്ത് കോണ്‍ഗ്രസ് സംഘടനകള്‍ ആര്‍എസ്എസ് വിദ്വേഷ പ്രകടത്തിനെതിരേ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്.

ഇന്നലെ തലശ്ശേരിയില്‍ കെ ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണ പരിപാടിയുടെ ഭാഗമായി നടന്ന റാലിക്കിടെ ആയിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലവിളിയും വിദ്വേഷ മുദ്രാവാക്യം വിളിയും. നിസ്‌കരിക്കാന്‍ പള്ളികള്‍ ഉണ്ടാവില്ലെന്നും ബാങ്ക് വിളികള്‍ കേള്‍ക്കേണ്ടി വരില്ലെന്നുമായിരുന്നു ഒരു സംഘം പ്രവര്‍ത്തകരുടെ ആക്രോശം. ജയകൃഷ്ണനെ വെട്ടിയവര്‍ ആയുസ് ഒടുങ്ങി മരിക്കില്ലെന്നും ആര്‍എസ്എസിന്റെ കോടതിയില്‍ ഇവര്‍ക്കുള്ള ശിക്ഷ നടപ്പിലാക്കുമെന്നും അടക്കം മറ്റ് നിരവധി പ്രകോപനപരമായ മുദ്രാവാക്യങ്ങളും പ്രകടനത്തില്‍ ഉടനീളം ഉയര്‍ന്നു. പോലിസിന്റെയും ബിജെപിയുടെ മുതിര്‍ന്ന നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഈ കൊലവിളി.

Tags:    

Similar News