കണ്ണൂരില്‍ ആര്‍എസ്എസ്- കോണ്‍ഗ്രസ് സംഘര്‍ഷം: എസ്‌ഐ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്ക്

Update: 2023-01-16 07:18 GMT

കണ്ണൂര്‍: തലശ്ശേരി പാനൂര്‍ പന്ന്യന്നൂരില്‍ ഉല്‍സവസ്ഥലത്തുണ്ടായ ആര്‍എസ്എസ്- കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ എസ്‌ഐ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം. കോണ്‍ഗ്രസ്- ആര്‍എസ്എസ് പ്രവര്‍ത്തകരായ സന്ദീപ്, അനീഷ് തുടങ്ങി അഞ്ച് പേര്‍ക്കും പാനൂര്‍ സ്‌റ്റേഷനിലെ അഡീഷനല്‍ എസ്‌ഐ ജയദേവനുമാണ് പരിക്കേറ്റത്. ആര്‍എസ്എസ് പ്രവര്‍ത്തകരായ അനീഷ്, അതുല്‍ എന്നിവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സ തേടി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സന്ദീപിന്റെ പരിക്ക് ഗുരുതരമാണ്.

കൊടിമരവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഭവത്തില്‍ പാനൂര്‍ പോലിസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വഷണം ആരംഭിച്ചു. പരസ്പരം നല്‍കിയ പരാതിയിന്‍മേലാണ് ഇരുവിഭാഗത്തിനെതിരെയും പാനൂര്‍ പോലിസ് കേസെടുത്തത്. പ്രതികള്‍ക്കായി പോലിസ് റെയ്ഡ് നടത്തിവരികയാണ്. പ്രദേശത്ത് ശക്തമായ പോലിസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആര്‍എസ്എസ്സുകാരായ അനീഷ്, അതുല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. ക്ഷേത്രോത്സവത്തെ കാവിവല്‍ക്കരിക്കാനുള്ള ശ്രമത്തെ ചെറുത്തതിന്റെ പേരിലാണ് സന്ദീപിനെ ക്രൂരമായി മര്‍ദ്ദിച്ചതെന്നും നേതാക്കള്‍ പറയുന്നു.

Tags: