രാഖി പൊട്ടിച്ചെന്ന് ആരോപിച്ച് സ്‌കൂളില്‍ ആര്‍എസ്എസ് അതിക്രമം; രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു

വിദ്യാര്‍ഥികളെ മര്‍ദ്ദിക്കുന്നത് കണ്ട് തടയാനെത്തിയ അധ്യാപകര്‍ക്ക് നേരെയും ആര്‍എസ്എസ് സംഘം ആക്രമണം അഴിച്ചുവിട്ടതായി പരിക്കേറ്റവര്‍ പറഞ്ഞു. അധ്യാപകരെ പിടിച്ചുതള്ളിയ ആര്‍എസ്എസ് സംഘം വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

Update: 2019-08-20 16:17 GMT

തിരുവനന്തപുരം: രാഖി പൊട്ടിച്ചെന്ന് ആരോപിച്ച് സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ആര്‍എസ്എസ് അതിക്രമം. രണ്ട് വിദ്യാര്‍ഥികള്‍ക്ക് ക്രൂരമായി മര്‍ദനമേറ്റു. പേയാട് സെന്റ്. സേവ്യര്‍സ് സ്‌കൂളിലാണ് ബിജെപി, യുവമോര്‍ച്ചാ നേതാക്കളുടെ നേതൃത്വത്തിലെത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തില്‍ 10ാം ക്ലാസ് വിദ്യാര്‍ഥികളായ ആഷിഖ്, ബിലാല്‍ എന്നിവര്‍ക്ക് പരിക്കേറ്റു. വിദ്യാര്‍ഥികളെ മര്‍ദ്ദിക്കുന്നത് കണ്ട് തടയാനെത്തിയ അധ്യാപകര്‍ക്ക് നേരെയും ആര്‍എസ്എസ് സംഘം ആക്രമണം അഴിച്ചുവിട്ടതായി പരിക്കേറ്റവര്‍ പറഞ്ഞു. അധ്യാപകരെ പിടിച്ചുതള്ളിയ ആര്‍എസ്എസ് സംഘം വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

ഇന്നലെ വൈകീട്ട് നാലോടെയാണ് സംഭവം. ആര്‍എസ്എസ് ആക്രമണത്തിനെതിരേ സ്‌കൂള്‍ അധികൃതര്‍ പോലിസില്‍ പരാതി നല്‍കിയിട്ടും ഇതുവരെ നടപടിയെടുത്തില്ലെന്ന് ആരോപണമുണ്ട്. യുവമോര്‍ച്ച കാട്ടാകട മണ്ഡലം പ്രസിഡന്റ് അജിത് കുമാര്‍, രതീഷ്, സുധീഷ്, പ്രവീണ്‍, ജിത്തു, സുമേഷ് എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. എസ്ഡിപിഐ കാട്ടാക്കട മണ്ഡലം നേതാക്കള്‍ മര്‍ദനത്തിനിരയായ വിദ്യാര്‍ഥികളെ സന്ദര്‍ശിച്ചു.

Tags:    

Similar News