മദ്‌റസാ വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള ആര്‍എസ്എസ് അതിക്രമങ്ങള്‍: പോലിസ് നിഷ്‌ക്രിയത്വം സംഘപരിവാര്‍ മുതലെടുക്കുന്നു

Update: 2021-10-21 17:19 GMT

താനൂര്‍: മദ്‌റസാ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ തുടരെയുണ്ടാകുന്ന അക്രമങ്ങള്‍ പോലിസ് നിഷ്‌ക്രിയത്വം പാലിക്കുന്നത് കൊണ്ടാണെന്ന് കാംപസ് ഫ്രണ്ട് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് സുഹൈബ് ഒഴൂര്‍. ഇന്നലെ മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി ചെട്ടിപ്പടി കുപ്പി വളവില്‍ രാവിലെ മദ്‌റസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിയെ ആര്‍എസ്എസ് പ്രവര്‍ത്തകനായ തുന്നര്‍കണ്ടി രാമനാഥന്‍ എന്നയാള്‍ യാതൊരു വിധ പ്രകോപനവുമില്ലാതെ അടിച്ച് പരുക്കേല്‍പ്പിച്ചത്. സംഭവുമായി ബന്ധപ്പെട്ട് പരപ്പനങ്ങാടി പോലിസില്‍ കുട്ടിയുടെ രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു.

എന്നാല്‍ പ്രതിയെ രാത്രിയോടെ അറസ്റ്റ് ചെയ്ത് വിട്ടയക്കുകയായിരുന്നു. പ്രതിക്ക് ഇപ്പോള്‍ ആര്‍എസ്എസുമായി ബന്ധമില്ലെന്ന് വരുത്തി തീര്‍ക്കാനും മനോരോഗിയാക്കാനുമാണ് പോലിസ് ശ്രമിച്ച് കൊണ്ടിരിക്കുന്നത് .

നേരെത്തെ കാസര്‍ഗോഡ് ജില്ലയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഫഹദ് എന്ന മദ്‌റസാ വിദ്യാര്‍ത്ഥിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിലും പ്രതി മനോരോഗിയാണെന്നായിരുന്നു പോലിസ് ഭാഷ്യം. ഇത്തരത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിയാകുന്നിടത്ത് പോലിസ് കാണിക്കുന്ന നിഷ്‌ക്രിയത്വമാണ് സംഘപരിവാറിന് നാട്ടില്‍ അഴിഞ്ഞാടാന്‍ പ്രേരിപ്പിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.