അമേരിക്കയില്‍ ഹിന്ദുത്വ പ്രചാരണം: രണ്ട് പതിറ്റാണ്ടിനിടെ സംഘപരിവാര്‍ സംഘടനകള്‍ ചെലവിട്ടത് 1,231.6 കോടി; പഠന റിപോര്‍ട്ട് പുറത്ത്
വാഷിങ്ടണ്‍: അമേരിക്കയിലുടനീളം നരേന്ദ്രമോദി സര്‍ക്കാരും ആര്‍എസ്എസ്സും ഹിന്ദുത്വ പ്രചാരണം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ആര്‍എസ്എസ് അനുബന്ധ സംഘടനകള്‍ രണ്ട് പതിറ്റാണ്ടോളമായി അമേരിക്കയില്‍ ഹിന്ദുത്വ സ്വാധീനം വര്‍ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നുവെന്നതിന്റെ വിശദാംശങ്ങളാണ് പുറംലോകത്തെത്തിയിരിക്കുന്നത്. Hindu Nationalist Influence in the United States എന്ന പേരില്‍ ഗവേഷകയായ ജസാ മാച്ചറാണ് അമേരിക്കയിലെ ഹിന്ദുത്വ സ്വാധീനത്തെയും പ്രചാരണത്തെയും കുറിച്ചുള്ള വിശദമായ പഠനം നടത്തിയത്.
അമേരിക്കയിലടക്കം ഹിന്ദുത്വ ആശയങ്ങളുടെ പ്രചാരണത്തിനായി 1,231.6 കോടി രൂപയാണ് 2001- 2019 കാലയളവില്‍ ഏഴോളം വരുന്ന സംഘപരിവാര്‍ അനുബന്ധ ചാരിറ്റബിള്‍ സംഘടനകള്‍ ചെലവഴിച്ചത്. ഈ തുകയുടെ വലിയൊരു ശതമാനം ഇന്ത്യയിലെ സംഘപരിവാര്‍ സംഘടനകള്‍ക്ക് ലഭിച്ചതായും റിപോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. അമേരിക്കയുടെ വിദേശനയത്തെ സ്വാധീനിക്കാനായി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ കോടികള്‍ ചെലവിട്ടതായും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആര്‍എസ്എസ്സിന്റെ യുഎസ് ഘടകമായ ഹിന്ദു സ്വയം സേവക് സംഘിന് (എച്ച്എസ്എസ്) 32 സംസ്ഥാനങ്ങളിലും 166 നഗരങ്ങളിലുമായി 222 ശാഖകളാണുള്ളത്. ഈ ശാഖകളെല്ലാം അമേരിക്കയിലെ ഹിന്ദു ദേശീയ സ്വാധീനം വര്‍ധിപ്പിക്കുന്നതിനായി സജീവമായ പ്രവര്‍ത്തനമാണ് നടത്തുന്നത്.
അമേരിക്കയിലെ ആഭ്യന്തര, വിദേശനയങ്ങളെ സ്വാധീനിക്കാന്‍ ലോബിയിങ്ങിനായി വിവിധ സംഘങ്ങളാണ് നരേന്ദ്രമോദി സര്‍ക്കാരിനുവേണ്ടി അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഓരോ സംഘത്തിനുമായി 2017-2020 കാലയളവില്‍ മാത്രം 11.63 ലക്ഷം മുതല്‍ 44.98 ലക്ഷം വരെയാണ് മോദി സര്‍ക്കാര്‍ നല്‍കിയത്. ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ (എച്ച്എഎഫ്), ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യ ആന്റ് അമേരിക്കന്‍ ഡയസ്‌പോറ സ്റ്റഡീസ്(എഫ്‌ഐഐഡിഎസ്) എന്നിവയാണ് ലോബിയിങ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ധനസഹായമെത്തിക്കുന്നത് ഹിന്ദു അമേരിക്കന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി (എച്ച്എപിഎസി) വഴിയാണ്. ആള്‍ ഇന്ത്യ മൂവ്‌മെന്റ് (എയിം) ഫോര്‍ സേവ, ഏകല്‍ വിദ്യാലയ ഫൗണ്ടേഷന്‍ ഓഫ് അമേരിക്ക, ഇന്ത്യ ഡവലെപ്‌മെന്റ് ആന്‍ഡ് റിലീഫ് ഫണ്ട്, പരംശക്തി പീഠ്, പിവൈപി യോഗ് ഫൗണ്ടേഷന്‍, വിശ്വഹിന്ദു പരിഷത്ത് ഓഫ് അമേരിക്ക, സേവ ഇന്റര്‍നാഷനല്‍ തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചായിരുന്നു ജസാ മാച്ചറുടെ പഠനം.
അമേരിക്കിയില്‍ 14 സംസ്ഥാനങ്ങളിലായി 21 ചാപ്റ്ററുകളുള്ള വിശ്വഹിന്ദു പരിഷത്ത്, സ്വാമി വിവേകാനന്ദ ഫാമിലി ക്യാംപ്, ഹിന്ദു മന്ദിര്‍ എക്‌സിക്യൂട്ടീവ്‌സ് കോണ്‍ഫറന്‍സ് തുടങ്ങി വ്യത്യസ്ത പേരുകളിലാണ് സാംസ്‌കാരിക പരിപാടികളും നടത്തിവന്നിരുന്നത്. വിഎച്ച്പിയാണ് ഏകല്‍ വിദ്യാലയ ഫൗണ്ടേഷന്‍ ഓഫ് അമേരിക്ക നടത്തുന്നത്. ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരേ ആദിവാസി ഗ്രാമങ്ങളിലെ വിദ്യാര്‍ഥികളെ വളര്‍ത്തിക്കൊണ്ടുവരുന്ന സംഘടനയാണിത്. മൃഗസംരക്ഷണം, ഡയറി, ഫിഷറീസ്, മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ എന്നിവയുടെ സഹമന്ത്രിയായിരുന്ന പ്രതാപ് ചന്ദ്ര സാരംഗി ഒഡീഷയിലെ ഏകല്‍ സ്‌കൂളുകള്‍ പ്രോല്‍സാഹിപ്പിച്ചിരുന്നു. 1999ല്‍ ആസ്‌ത്രേലിയന്‍ ക്രിസ്ത്യന്‍ മിഷനറി ഗ്രഹാം സ്‌റ്റെയിന്‍സിനെയും അദ്ദേഹത്തിന്റെ രണ്ട് മക്കളെയും ഹിന്ദുത്വ ആള്‍ക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയപ്പോള്‍ ബജ്‌റംഗ്ദളിന്റെ നേതാവായിരുന്നു സാരംഗി.
2012നും 2020നും ഇടയില്‍ യുഎസ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനായി എച്ച്എപിഎസി 1.33 കോടി രൂപ ചെലവഴിച്ചതായി ഫെഡറല്‍ ഇലക്ഷന്‍ കമ്മീഷന്‍ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2015നും 2020നും ഇടയില്‍ കോണ്‍ഗ്രസിലെ ഡെമോക്രാറ്റ് അംഗമായ രാജാ കൃഷ്ണമൂര്‍ത്തി എച്ച്എപിഎസിയില്‍നിന്ന് 91 ലക്ഷം രൂപ കൈപ്പറ്റി. 2014നും 2019നും ഇടയില്‍ കോണ്‍ഗ്രസ് അംഗവും പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായിരുന്ന തുളസി ഗബ്ബാര്‍ഡിന് ലഭിച്ചത് 85 ലക്ഷമാണ്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശ്രീനിവാസ് റാവു പ്രെസ്റ്റണ്‍ കുല്‍ക്കര്‍ണിക്ക് 2018 നും 2020 നും ഇടയില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ 73 ലക്ഷം രൂപയും ലഭിച്ചു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കോണ്‍ഗ്രസ് പ്രതിനിധി ബ്രാഡ് ഷെര്‍മാന് 2014നും 2019നും ഇടയില്‍ 21 ലക്ഷമാണ് നല്‍കിയത്.
2012-2016 കാലയളവില്‍ ഇര്‍വിനിലെ കാലഫോര്‍ണിയ സര്‍വകലാശാലയിലും സതേണ്‍ കാലഫോര്‍ണിയ സര്‍വകലാശാലയിലും ഗ്രാജ്വേറ്റ് തിയോളജിക്കല്‍ യൂനിയനുകള്‍ക്കുമെല്ലാം ധര്‍മ സിവിലൈസേഷന്‍ ഫൗണ്ടേഷന്‍ എന്ന പേരിലുളള ഒരുസംഘം കോടികളാണ് വാഗ്ദാനം ചെയ്തിരുന്നത്. വിവിധ കോഴ്‌സുകളും ചെയറുകളും ആരംഭിക്കാനായായി 2012-2016 കാലയളവില്‍ 100.8 കോടി രൂപ ഈ സ്ഥാപനങ്ങള്‍ക്ക് വാഗ്ദാനം ചെയ്തതായി ഫൗണ്ടേഷന്‍ വെബ്‌സൈറ്റും മാധ്യമങ്ങളും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍, കാലഫോര്‍ണിയ സര്‍വകലാശാല ഓഫര്‍ നിരസിക്കുകയാണുണ്ടായത്.
പബ്ലിക് സ്‌കൂള്‍ പാഠപുസ്തകങ്ങളെ സ്വാധീനിക്കുന്നതിനും യൂനിവേഴ്‌സിറ്റി എന്‍ഡോവ്‌മെന്റുകള്‍ നല്‍കുന്നതിനും അധ്യാപക പരിശീലന പരിപാടികള്‍ ഏറ്റെടുക്കുന്നതിനും ഗവേഷണ ഗ്രാന്റുകള്‍ വിതരണം ചെയ്യുന്നതിനും വിഎച്ച്പിഎയുടെ ഹിന്ദു യൂനിവേഴ്‌സിറ്റി ഓഫ് അമേരിക്കയ്ക്ക് ധനസഹായം നല്‍കുന്നതിനുമായി 2010നും 2016നും ഇടയില്‍ യുബറോയ് ഫൗണ്ടേഷന്‍ യുഎസില്‍ 20 ലക്ഷം രൂപ ചെലവഴിച്ചതായി രേഖകള്‍ വെളിപ്പെടുത്തുന്നു.
ദക്ഷിണേഷ്യന്‍ ചരിത്രത്തെ കാവിവല്‍ക്കരിക്കാന്‍ ഡെലവെയര്‍ ആസ്ഥാനമായുള്ള ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഉബറോയ് ഫൗണ്ടേഷന്‍ ഫോര്‍ റിലീജിയസ് സ്റ്റഡീസ് നടത്തുന്നത് ഡെന്‍വര്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ വേദ് പ്രകാശ് നന്ദയാണ്. ജാതിയെ തുടച്ചുനീക്കുന്നതിനായി 2016ലെ കാലഫോര്‍ണിയ പാഠപുസ്തക പുനരാലേഖന കാംപയ്‌നില്‍ ഫൗണ്ടേഷന്‍ സജീവ പങ്ക് വഹിച്ചിട്ടുണ്ട്. ഇതിനായി 1.1 കോടി രൂപ എച്ച്എഎഫിന് നല്‍കിയിരുന്നുവെന്നും പഠനറിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

