ആമസോണിന്റെയും ഫ്ലിപ്കാർട്ടിന്റെയും അനുമതി പിൻവലിക്കണമെന്ന് സ്വദേശി ജാഗരൺ മഞ്ച്
ഈ കമ്പനികൾക്ക് നൽകിയിട്ടുള്ള എല്ലാ അനുമതികളും ഉടൻ പിൻവലിക്കണമെന്നും അവരുടെ എല്ലാ പ്രവർത്തനങ്ങളും നിയമവിരുദ്ധമാണെന്നും പ്രമേയം പ്രഖ്യാപിച്ചു.
നാഗ്പൂർ: ഇന്ത്യയിൽ ക്രിസ്ത്യൻ മതം പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് ആർഎസ്എസ് അനുബന്ധ മാഗസിൻ പാഞ്ചജന്യ ആമസോണിനെ ആക്രമിച്ച് മാസങ്ങൾക്ക് ശേഷം, ആമസോണിനും ഫ്ലിപ്കാർട്ടിനും ഇന്ത്യയിൽ പ്രവർത്തിക്കാൻ നൽകിയിട്ടുള്ള എല്ലാ അനുമതികളും പിൻവലിക്കണമെന്ന് സംഘപരിവാർ സംഘടനയായ സ്വദേശി ജാഗരൺ മഞ്ച് ആവശ്യപ്പെട്ടു.
ഡിസംബർ 26 ന് സമാപിച്ച ദ്വിദിന രാഷ്ട്രീയ സഭയിൽ പാസാക്കിയ പ്രമേയത്തിൽ ആമസോണിനുള്ള അനുമതികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. ഈ കമ്പനികൾക്ക് നൽകിയിട്ടുള്ള എല്ലാ അനുമതികളും ഉടൻ പിൻവലിക്കണമെന്നും അവരുടെ എല്ലാ പ്രവർത്തനങ്ങളും നിയമവിരുദ്ധമാണെന്നും പ്രമേയം പ്രഖ്യാപിച്ചു.
ഉന്നത തസ്തികകളിൽ ഇരിക്കുന്നവർ ഉൾപ്പെടെയുള്ള സർക്കാർ ഉദ്യോഗസ്ഥർ ഈ കമ്പനികളിൽ നിന്ന് നേരിട്ടോ അല്ലാതെയോ നേട്ടമുണ്ടാക്കിയതിന്റെ സൂചന ലഭിച്ചാൽ ഉടൻ അവരെ അവധിയിൽ അയയ്ക്കണം.അവരുടെ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെടുകയും ചെയ്യണമെന്നും ഈ കമ്പനികളുടെ കാര്യങ്ങളിൽ സിബിഐ അന്വേഷണം വേണമെന്നും എസ്ജെഎം ആവശ്യപ്പെട്ടു.
ഈ വർഷം സെപ്തംബറിൽ, പാഞ്ചജന്യ മാസിക ആമസോണിനെതിരേ കവർ സ്റ്റോറി പ്രസിദ്ധീകരിച്ചിരുന്നു. റീട്ടെയിൽ കുത്തകയായ ആമസോണിനെ അതിന്റെ അഴിമതിയുടെ പേരിൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി ലേഖനം ഉപമിച്ചിരുന്നു. പ്രൈം വീഡിയോകളിലൂടെ ഹിന്ദു മൂല്യങ്ങളെ ആക്രമിക്കുന്നതിനെ വിമർശിക്കുകയും ചെയ്തു. ഇന്ത്യയെ ക്രൈസ്തവവൽക്കരിക്കുന്നതിലും രണ്ട് ക്രിസ്ത്യൻ സംഘടനകൾക്ക് ധനസഹായം നൽകുന്നതിലും കമ്പനിക്ക് പങ്കുണ്ടെന്ന് മാഗസിൻ ആരോപിച്ചിരുന്നു.
