ഡല്‍ഹിയിലെ ഐജിഐ വിമാനത്താവളത്തില്‍ നിന്ന 98 കോടിയുടെ ഹെറോയിന്‍ പിടികൂടി

Update: 2021-04-15 17:43 GMT

ന്യൂഡല്‍ഹി: ഡല്‍ഹി ഐജിഐ വിമാനത്താവളത്തില്‍ നിന്ന് രണ്ട് സാംബിയന്‍ യാത്രക്കാരില്‍ നിന്ന് കസ്റ്റംസ് അധികൃതര്‍ 98 കോടി രൂപയുടെ ഹെറോയിന്‍ പിടിച്ചെടുത്തു. ജൊഹാന്നസ്ബര്‍ഗില്‍ നിന്ന് രണ്ട് വ്യത്യസ്ത ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങള്‍ വഴി വ്യാഴാഴ്ച ഇന്ദിരാഗാന്ധി ഇന്റര്‍നാഷനല്‍(ഐജിഐ) വിമാനത്താവളത്തിലെത്തിയ രണ്ട് സാംബിയന്‍ യാത്രക്കാരെ ഗ്രീന്‍ ചാനല്‍ കടന്ന് എക്‌സിറ്റ് ഗേറ്റിനടുത്തെത്തിയപ്പോഴാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞതെന്ന് ധനമന്ത്രാലയം അറിയിച്ചു.

    എന്തെങ്കിലും നിരോധിത വസ്തുക്കള്‍ കൊണ്ടുപോവുന്നുണ്ടോ എന്ന ചോദ്യത്തിനു ഇല്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് ഡോര്‍ ഫ്രെയിം മെറ്റല്‍ ഡിറ്റക്ടര്‍ (ഡിഎഫ്എംഡി) പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴും സംശയകരമായ യാതൊന്നും ശ്രദ്ധയില്‍പ്പെട്ടില്ല. എക്‌സ്‌റേ ബാഗേജ് ഇന്‍സ്‌പെക്ഷന്‍ മെഷീനില്‍ ബാഗേജ് സ്‌കാന്‍ ചെയ്തപ്പോഴാണ് സംശയാസ്പദമായ ചില ചിത്രങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. രണ്ട് സ്വതന്ത്ര സാക്ഷികളുടെ മുമ്പാകെ ബാഗേജ് വിശദമായി പരിശോധിച്ചപ്പോഴാണ് 14 കിലോ വെളുത്ത പൊടി (തരികള്‍) ഏഴ് കിലോ വീതം കണ്ടെടുത്തത്. ചെക്ക് ഇന്‍ ബാഗേജുകളുടെ അറകളില്‍ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു.സാംപിളുകള്‍ വിശദപരിശോധന നടത്തിയപ്പോഴാണ് ഹെറോയിന്‍ ആണെന്ന് സ്ഥിരീകരിച്ചത്. ഇതിന് 98 കോടി രൂപ മൂല്യം കണക്കാക്കപ്പെടുന്നുണ്ട്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായ് എക്‌സൈസ് അറിയിച്ചു.

Rs 98 crore heroin seized at IGI airport by custom officials

Tags: